പ്രളയത്തിനിടെ ആഡംബര ഹോട്ടലിൽ സുഖവാസം: മുഖം രക്ഷിക്കാൻ 51 ലക്ഷം ദുരിതാശ്വാസത്തിന് നൽകി ശിവസേന വിമതർ

ഗുവാഹത്തി: പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ അസമിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 51 ലക്ഷം രൂപ സംഭാവനചെയ്ത് ശിവസേന വിമത എം.എൽ.എമാർ. അസം വെള്ളപ്പൊക്കത്തിൽ വലയുമ്പോൾ വിമത എം.എൽ.എമാർ ഗുഹാവത്തിയിലെ ആഡംബരഹോട്ടലിൽ സുഖവാസത്തിൽ കഴിയുകയാണെന്ന ആരോപണങ്ങൾക്കിടയിലാണ് സംഭാവന നൽകിയത്.

'രക്ഷാപ്രവർത്തനങ്ങൾക്ക് ഞങ്ങളുടെ വക 51 ലക്ഷം രൂപ ഏക്നാഥ് ഷിൻഡെ അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ദുരവസ്ഥ ഞങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല.'- വിമതരുടെ വക്താവ് ദീപക് കെസാർക്കർ വാർത്ത ഏജൻസിയോട് പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനോട് വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നേരിടാൻ മഹാരാഷ്ട്ര ഗവർണർ ബി. എസ് കോഷിയാരി ആവശ്യപ്പെട്ടതോടെ വിമത എം.എൽ.എമാർ ഗുവാഹത്തിയിൽ നിന്ന് മുംബൈയ്ക്ക് സമീപമുള്ള സ്ഥലത്തേക്ക് മാറാൻ തീരുമാനിച്ചതായി കെസാർകർ കൂട്ടിച്ചേർത്തു.

പാർട്ടി എം.എൽ.എമാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് എൻ.സി.പിയും കോൺഗ്രസുമായുള്ള സംഖ്യം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു എന്നും എന്നാൽ അദ്ദേഹം അവരുടെ വാക്കുകൾ കേട്ടില്ല എന്നും കെസാർകർ ആരോപിച്ചു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേന- എൻ.സി.പി- കോൺഗ്രസ് ഗവൺമെന്‍റിനെതിരായ വിശ്വാസ വോട്ടെടുപ്പിനായി വ്യാഴാഴ്ച മുംബൈയിൽ എത്തുമെന്ന് ഷിൻഡെ വ്യക്തമാക്കിയിരുന്നു. ജൂൺ 22നാണ് വിമത നീക്കത്തിനായി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ എം.എൽ.എമാർ ഗുവാഹത്തിയിൽ എത്തിയത്.

അതേസമയം അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 139 ആയി ഉയർന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 1.76 ലക്ഷം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 

Tags:    
News Summary - Rebel Shiv Sena MLAs donate Rs 51 lakh for Assam flood relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.