ഹർമീത് സിങ് ധില്ലൻ

ആപ് എം.എൽ.എക്കെതിരെ ബലാത്സംഗക്കേസ്; അറസ്റ്റിനു പിന്നാലെ പൊലീസിനു നേരെ വെടിയുതിർത്ത് രക്ഷപ്പെട്ടു

പട്യാല: ബലാത്സംഗത്തിനും വഞ്ചനക്കും കേസെടുത്ത പഞ്ചാബിലെ ആം ആദ്മി പാർട്ടി (ആപ്) എം.എൽ.എ ഹർമീത് സിങ് ധില്ലൻ അറസ്റ്റിലായതിനു പിന്നാലെ പൊലീസിനു നേരെ വെടിയുതിർത്ത് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവെയാണ് ഹർമീത് സിങ്ങും അനുയായികളും വെടിയുതിർത്തത്. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. എം.എൽഎയും സംഘവും മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പ്രതികളെ തടയാൻ ശ്രമിച്ച മറ്റൊരു പൊലീസുദ്യോഗസ്ഥന്‍റെ ശരീരത്തിനു മുകളിലൂടെ വാഹനം കയറ്റിയാണ് പ്രതികൾ രക്ഷപ്പെട്ടത്. വാഹനം പിന്നീട് കണ്ടെത്തിയെങ്കിലും എം.എൽ.എ ഒളിവിലാണ്.

സിരാക്പുർ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എൽ.എക്കെതിരെ കേസെടുത്തത്. മറ്റൊരാളെ വിവാഹം ചെയ്തിരിക്കെ, വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് താനുമായി എം.എൽ.എ അടുപ്പത്തിലായിരുന്നുവെന്ന് യുവതി പറയുന്നു. മറ്റൊരു ഭാര്യയിരിക്കെ 2021ൽ യുവതിയെ ഇയാൾ വിവാഹം ചെയ്തു. ലൈംഗിക ചൂഷണം നടത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പിന്നീട് ഇതുവച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ബലാത്സംഗം, വഞ്ചന എന്നിവക്കു പുറമെ ക്രിമിനൽ ഗൂഢാലോചനക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എം.എൽ.എയുടെ വാദം. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഫേസ്ബുക് ലൈവിലെത്തിയ എം.എൽ.എ, താൻ പാർട്ടിയിൽ എതിർസ്വരം ഉയർത്തിയതിന്‍റെ പേരിൽ ഡൽഹിയിലെ നേതൃത്വം കേസ് കെട്ടിച്ചമച്ചെന്നും എം.എൽ.എ ആരോപിച്ചു. തന്നെ ജയിലിലടച്ചാലും പ്രതിഷേധം തുടരുമെന്ന് ഹർമീത് സിങ് വ്യക്തമാക്കി. ഇയാളുടെ അഭിഭാഷകനും അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉയർന്നതെന്ന് പ്രതികരിച്ചു. പരാതിക്കാരിയുമായി ലിവ്-ഇൻ റിലേഷനിലായിരുന്നുവെന്ന് എം.എൽ.എ കോടതിയിൽ സമ്മതിച്ചിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

Tags:    
News Summary - Rebel AAP MLA, arrested for rape, flees from custody after opening fire on cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.