‘ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമാണ് യുവത; അവർക്ക് സ്ത്രീകളെ ബഹുമാനിക്കാനറിയാം’: പ്രകാശ് രാജ്
തിരുവനന്തപുരം: രാജ്യത്ത് സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ മാതൃകയാവുന്നത് യുവതലമുറയാണെന്ന് പ്രശസ്ത നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് എങ്ങനെയുമാണ് ആദരവ് നൽകേണ്ടതെന്ന് അവർക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. 'കളക്റ്റീവ് ഫോർ ഡെമോക്രസിയുടെ' ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാടവീഥിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ ബലാത്സംഗ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അതൊരു ബലാത്സംഗ സർക്കാറാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. ജന്തർമന്തറിൽ ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത പ്രതിഷേധ സമരത്തിൽ പോലും ഒരു പെൺകുട്ടിക്കും അസൗകര്യം അനുഭവിക്കേണ്ടി വന്നിട്ടില്ല. അതാണ് നമ്മുടെ രാജ്യത്തെ യുവത്വം. കേരളം തനിക്ക് നൽകുന്ന സ്നേഹം സിനിമകൾക്കല്ല, മറിച്ച് തന്റെ നിലപാടുകൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളുടെ സമരങ്ങളിൽ മുതിർന്നവർ നേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കരുതെന്ന് പ്രകാശ് രാജ് ഓർമ്മിപ്പിച്ചു. അവർക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകി അവർക്ക് പിന്നിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടത്. യുവജനങ്ങൾ പോരാട്ടത്തിലിറങ്ങുമ്പോൾ ഓരോ പൗരനും അവർക്കൊപ്പം നിൽക്കണം. രാജ്യത്തിനുവേണ്ടി ജയിലിൽ പോകുകയേക്കാൾ വലിയ എന്ത് സന്തോഷമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ജന്തർമന്തർ സമരത്തിനിടയിൽ സമാധാനം തകർക്കാനും പരിഭ്രാന്തിയും അക്രമവും സൃഷ്ടിക്കാനും ബി.ജെ.പി ശ്രമിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനോട് ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ബി.ജെ.പി എന്തിനാണ് ഇടപെടുന്നത് എന്നും അദ്ദേഹം സംശയമുയർത്തി.
മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.എസ്.എഫ്.ഡി.സി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മി, ജോബി, ഗായിക പുഷ്പവതി പൊയ്പാടത്ത് തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.