സുഖയാത്രയ്ക്ക് 3000 മുടക്കി എസി കോച്ച് ബുക്ക് ചെയ്ത യുവാവിന്റെ ഉറക്കം കെടുത്തി എലികൾ: വൈറലായി വീഡിയോ

ഡൽഹി: എ സി ടയർ ടിക്കറ്റെടുത്ത് ട്രെയിൻ യാത്ര തുടങ്ങിയ യാത്രക്കാരൻ തന്റെ സഹയാത്രികരെ കണ്ട് ‍‍ഒന്ന് ഞെട്ടി, പിന്നെ ദൃശ്യം പകർത്തി എക്സിൽ പങ്കു വച്ചു. സഹയാത്രികർ വേറാരുമല്ല എലികളാണ്. സൗത്ത് ബീഹാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പ്രശാന്ത് കുമാർ എന്ന യുവാവാണ് തന്റെ ട്രെയിൻ യാത്രയിലെ ദുരനുഭവം പങ്ക് വച്ചത്.

സുഖമായി യാത്ര ചെയ്യുന്നതിനായി 3000 രൂപ മുടക്കിയാണ് യുവാവ് എസി ടയർകോച്ച് ടിക്കറ്റെടുത്തത്. യാത്ര തുടങ്ങുമ്പോൾ എലികൾ കോച്ചിൽ ഓടി നടക്കാൻ തുടങ്ങി. വിവരം ഉടൻ തന്നെ ഹെൽപ് ലൈൻ നമ്പറായ 139 ൽ അറിയിച്ചെങ്കിലും കീടനാശിനി തളിച്ചതല്ലാതെ എലികളെ തുരത്താൻ മറ്റ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് യുവാവ് പറഞ്ഞു.

പരാതിക്കാരനായ യുവാവ് സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ അധികൃതരെ ടാ​ഗ് ചെയ്തു കൊണ്ട് എക്സിൽ പങ്കു വച്ചു. റെയിൽവേ അധികൃതർ ഇതിൽ പ്രതികരിച്ചിട്ടില്ലെങ്കിലും വീഡിയോയ്ക്ക് താഴെ റെയിൽവേയെയും യാത്രക്കാരെയും വിമർശിച്ചു കൊണ്ടുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നു. ആഹാര അവശിഷ്ടങ്ങൾ അലക്ഷ്യമായി ട്രെയിനുള്ളിൽ വലിച്ചെറിയുന്നതാണ് എലി ശല്യത്തി‌ന് കാരണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.


Tags:    
News Summary - Rats in train viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.