ന്യൂഡൽഹി: വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവിയും പരോളിൽ കഴിയുന്ന കുറ്റവാളിയുമായ ഗുർമീത റാം റഹീം സിങ്. ബലാത്സംഗ-കൊലപാതകക്കേസുകളിൽ ജയിലിലായ റാം റഹീം 20 വർഷത്തെ ശിക്ഷയാണ് അനുഭവിക്കുന്നത്. ഹരിയാനയിലെ റോഹ്തക്കിലെ സുനൈര ജയിലിൽ നിന്ന് 40 ദിവസത്തെ പരോളിലാണ്. ഉത്തർ പ്രദേശിലെ ഭഗ്പതിലുള്ള ബർനവ ആശ്രമത്തിലാണ് നിലവിൽ ഇയാളുള്ളത്. ഭീമൻ കേക്ക് വാളുകൊണ്ട് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ജനുവരി 25ന് മുൻ ദേരാ മേധാവി ഷാ സത്നം സിങ്ങിന്റെ ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് റാം റഹീം ജാമ്യാപേക്ഷ നൽകിയത്.
കേക്ക് മുറിക്കുന്ന വിഡിയോയിൽ, ‘ഇത്തരത്തിലൊരാഘോഷത്തിന് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് അവസരം ലഭിച്ചത്. അതിനാൽ അഞ്ച് കേസ്സെങ്കിലും മുറിക്കും. ഇത് ആദ്യത്തേതാണ്’ -എന്ന് ഗുർമീത് പറയുന്നത് വിഡിയോയിൽ കേൾക്കാം. ആയുധ നിയമങ്ങൾ പ്രകാരം മാരകായുധങ്ങളുടെ പൊതു പ്രദർശനം നിരോധിച്ചതാണ്.
തിങ്കളാഴ്ച റാം റഹീമിന്റെ കീഴിലുള്ള സന്നദ്ധ പ്രവർത്തകർ ഹരിയാനയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനവും ഇയാൾ നിർവ്വഹിച്ചിരുന്നു. ഈ ചടങ്ങിൽ രാജ്യ സഭാ എം.പി കൃഷൻ ലാൽ പൻവാർ, മുൻ മന്ത്രി കൃഷൻ കുമാർ ബേദി എന്നിവരടക്കം ഹരിയാനയിലെ ബി.ജെ.പി നേതാക്കളും പങ്കെടുത്തിരുന്നു.
കഴിഞ്ഞ 14 മാസത്തിനിടെ നാലാം തവണയും മൂന്ന് മാസത്തിനിടെ രണ്ടാം തവണയുമാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. 2022 ഒക്ടോബറിൽ ഹരിയാന പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 40 ദിവസം പരോൾ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.