ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് ഷോ’യിലെ ഗുരുതര അശ്ലീല പരാമർശത്തെ തുടർന്ന് വ്യാപക വിമർശനവും നിയമനടപടിയുമായതോടെ സുപ്രീംകോടതിയെ സമീപിച്ച് യുട്യൂബർ രൺവീർ അലഹബാദിയ. തനിക്കെതിരെയുള്ള ഒന്നിലധികം എഫ്.ഐ.ആറുകൾക്കെതിരെ ഹരജി നൽകിയ രൺവീർ, അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തള്ളി. നടപടിക്രമം അനുസരിച്ച് വിഷയം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് ഷോ’യിലെ വിധികർത്താക്കളിലൊരാളായ രൺവീർ, മത്സരാർഥിയോടാണ് ഗുരുതര അശ്ലീല പരാമർശം നടത്തിയത്. ‘ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. സമൂഹമാധ്യമങ്ങളിലൂടെ രൺവീർ മാപ്പപേക്ഷിച്ച് വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധമടങ്ങിയില്ല. മുംബൈ പൊലീസും അസം പൊലീസും തങ്ങൾക്ക് ലഭിച്ച പരാതികളിൽ രൺവീറിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റർക്കുള്ള ‘ഡിസ്റപ്റ്റർ ഓഫ് ദി ഇയർ’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചയാളാണ് രൺവീർ അലഹബാദിയ. രൺവീറിന്‍റെ പ്രവർത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
രൺവീറിനെ ചോദ്യം ചെയ്യാൻ അസം പൊലീസ് കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയിരുന്നു. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ്’ ഷോക്കെതിരെ മഹാരാഷ്ട്ര സൈബർ സെൽ കേസെടുത്തിട്ടുണ്ട്. ഷോയുടെ ആദ്യ ആറ് എപ്പിസോഡുകളിൽ ഭാഗമായിരുന്ന 40 ഓളം പേർക്കെതിരെ സൈബർ സെൽ കേസെടുത്തിട്ടുണ്ട്. ഇതോടെ ഷോയുടെ അവതാരകൻ സമയ് റെയ്ന എല്ലാ വിഡിയോകളും ഡിലീറ്റ് ചെയ്തു. ആളുകളെ ചിരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും എല്ലാ അന്വേഷണ ഏജൻസികളുമായും സഹകരിക്കുമെന്നും സമയ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.