കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈകോടതി. ബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരിയുടെ ഹരജിയിലാണ് കോടതി നടപടി.
ആക്ടിങ്ങ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് രണ്ടാഴ്ച്ചക്കുള്ളിൽ എൻ.ഐ.എക്ക് കൈമാറാൻ പൊലീസിന് നിർദേശം നല്‍കിയത്. ബംഗാള്‍ പൊലീസ് അന്വേഷിച്ച കേസിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം എല്ലാരേഖകളും എൻ.ഐ.എക്ക് നൽകണമെന്ന് കോടതി നിര്‍ദേശിച്ചു. അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
മാര്‍ച്ച് 30ന് നടന്ന രാമനവമി ഘോഷയാത്രക്കിടെയാണ് ഹൗറയിലും ദല്‍ഖോലയിലും വൻ സംഘര്‍ഷം ഉണ്ടായത്. വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമണമുണ്ടായി. ഹൂഗ്ലിയിലും ദല്‍ഖോലയിലും പിന്നീട് സമാനമായ സംഘര്‍ഷങ്ങള്‍ ഉണ്ടായി. രാമനവമി ഘോഷയാത്ര അനുവാദമില്ലാത്ത റൂട്ടിലൂടെ പോയി ഒരു സമുദായത്തിന് നേരെ അക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബനാർജി നേരത്തെ ആരോപിച്ചിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി.ജെ.പി നീക്കമാണിതെന്നും അവർ പറഞ്ഞു.അതേസമയം, ഘോഷയാത്ര ശരിയായ റൂട്ടിലാണ് പോയതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ പരസ്പരം ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. കേസില്‍നിന്ന് രക്ഷപ്പെടാനാണ് എൻ.ഐ.എ അന്വേഷണം ബി.ജെ.പി ആവശ്യപ്പെടുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.