വിദ്വേഷ പ്രസംഗം: ജഡ്ജിക്കെതിരെ അന്വേഷണ സമിതി രൂപവത്കരിച്ചേക്കും; രാജ്യസഭ ചെയർമാനെതിരെ കപിൽ സിബൽ

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ അന്വേഷണത്തിന് രാജ്യസഭ സമിതി രൂപവത്കരിച്ചേക്കും.

ഹൈകോടതി ജഡ്ജിമാർക്കെതിരായ നടപടികൾക്കുള്ള ഭരണഘടനാപരമായ അധികാരം ചൂണ്ടിക്കാട്ടി രാജ്യസഭ സെക്രട്ടേറിയറ്റ് കത്തയച്ചതിന് പിന്നാലെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം ഉപേക്ഷിച്ചിരുന്നു. ഇതു സംബന്ധിച്ച വാർത്ത വന്നതിന് പിന്നാലെയാണ് രാജ്യസഭ അന്വേഷണത്തിന് സമിതി രൂപവത്കരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

ജഡ്ജി നടത്തിയ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതും പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി 1968ലെ ജഡ്ജിമാരുടെ (അന്വേഷണ) നിയമം, ഭരണഘടനയിലെ അനുച്ഛേദം 218 എന്നിവ പ്രകാരം ഇംപീച്ച് ചെയ്യാൻ രാജ്യസഭയിലും ലോക്സഭയിലും ഇൻഡ്യ സഖ്യത്തിലെ എം.പിമാർ കഴിഞ്ഞ ഡിസംബറിൽ പ്രമേയാവതരണത്തിന് നോട്ടീസ് നൽകിയിരുന്നു.

കപിൽ സിബലിന്റെ നേതൃത്വത്തിൽ 55 പേർ ഒപ്പിട്ട കത്താണ് രാജ്യസഭ ചെയർമാന് നൽകിയിട്ടുള്ളത്. നിയമപ്രകാരം, ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിന് രാജ്യസഭയിൽ കുറഞ്ഞത് 50 എം.പിമാരും ലോക്‌സഭയിൽ 100 എം.പിമാരും പ്രമേയത്തിൽ ഒപ്പിടണം.

ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ നൽകിയ നോട്ടീസിൽ രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ഇതുവരെ നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചൊവ്വാഴ്ച വാർത്തസമ്മേളനത്തിൽ കപിൽ സിബൽ ചോദിച്ചു.

വർഗീയ പരാമർശങ്ങൾ നടത്തിയതിനുശേഷം സർക്കാർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. റിട്ടയർമെൻറ് വരെ ഇംപീച്ച്മെന്റ് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമമെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.

Tags:    
News Summary - Rajya Sabha may form panel to probe hate speech charges against HC judge Shekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.