അഹമ്മദാബാദ്: കരഞ്ഞും ചിരിച്ചും 27 പേരുടെ മരണത്തിന് ഇടയാക്കിയ രാജ്കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിലെ പ്രതികൾ കോടതിയിൽ. ഇതൊക്കെ സാധാരണ സംഭവമാണെന്നും ഇത്തരം അപകടങ്ങൾ സംഭവിക്കുമെന്നുമായിരുന്നു പ്രതികളുടെ വാദം.
കോടതിയിലേക്ക് കയറുന്നതിനിടെ സംഭവത്തിൽ കുറ്റബോധം തോന്നുന്നത് പോലെ വിതുമ്പിയായിരുന്നു സോളങ്കി എത്തിയതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തുഷാർ ഗോകാനി പറഞ്ഞു. എന്നാൽ കോടതിയിൽ പ്രവേശിച്ചയുടൻ ചിരിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ സംഭവിക്കും എന്നായിരുന്നു സോളങ്കിയുടെ പ്രതികരണം.
എഫ്.ഐ.ആറിൽ ആറ് പേരുടെ പേരുകൾ ചേർത്തിട്ടുണ്ടെങ്കിലും മൂന്ന് പേർ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. ടി.ആർ.പി ഗെയിമിങ് സെന്റർ കൈകാര്യം ചെയ്ത റേസ്‌വേ എൻ്റർപ്രൈസസിൻ്റെ പങ്കാളികളായ യുവരാജ് ഹരി സിങ് സോളങ്കി, രാഹുൽ റാത്തോഡ് ,റിക്രിയേഷൻ സെൻ്റർ മാനേജർ നിതിൻ ജെയിൻ എന്നിവർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കേസുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ 14 ദിവസത്തെ റിമാൻഡിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് സിവിൽ ഉദ്യോഗസ്ഥരെയുമാണ് സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഉത്തരവിന് പിന്നാലെയാണ് സസ്പെൻഷൻ. ഗെയിമിങ് സെന്റർ പ്രവർത്തിക്കാൻ അനുവദിച്ചതിൽ കടുത്ത അശ്രദ്ധ കാണിച്ചു എന്നാരോപിച്ചാണ് സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.