സ്ത്രീകൾക്ക് യാത്രാസുരക്ഷ ഉറപ്പാക്കണം; ഓല, ഊബർ, റാപിഡോ ഉൾപ്പെടെയുള്ളവർക്ക് ഹൈകോടതി നോട്ടീസ്

ന്യൂഡൽഹി: ഓല, ഊബർ, റാപിഡോ തുടങ്ങിയ ഓൺലൈൻ ഗതാഗത സേവനങ്ങളിൽ സ്ത്രീകൾക്കായി കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹരജിയിൽ ഡൽഹി ഹൈകോടതി നോട്ടീസ് അയച്ചു. പ്രമുഖ ടാക്സി അഗ്രഗേറ്റർ കമ്പനികൾക്ക് പുറമെ കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ, ഡൽഹി പൊലീസ് എന്നിവർക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

സ്വകാര്യ ടാക്സി ആപ്പ് ഓപ്പറേറ്റർമാരെ നിയമപരമായി കൂടുതൽ ഉത്തരവാദികളാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഡൽഹി-എൻ.സി.ആർ മേഖലയിൽ രണ്ട് ലക്ഷത്തിലധികം കാബുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഡ്രൈവർമാരെ കൃത്യമായി പരിശോധിക്കാൻ സംവിധാനമില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. രാത്രി 8 മണിക്ക് ശേഷമുള്ള യാത്രകളിൽ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാറില്ലെന്നും ഇത് വലിയ സുരക്ഷാ ഭീഷണിയാണെന്നും ഹരജിയിൽ പറയുന്നു. ടാക്സി ആപ്പിൽ കാണിക്കുന്ന ഡ്രൈവറുടെ വിവരങ്ങളും വാഹനത്തിന്റെ നമ്പറും എത്തുന്ന വാഹനവുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം യാത്രക്കാർക്ക് സാമ്പത്തിക നഷ്ടമില്ലാതെ യാത്ര റദ്ദാക്കാൻ അനുവാദം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ജി.പി.എസ് വഴി റൂട്ട് മാറുകയോ വാഹനം അനാവശ്യമായി നിർത്തുകയോ ചെയ്താൽ മുന്നറിയിപ്പ് നൽകുന്ന ഓട്ടോമാറ്റിക് അലേർട്ടുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് സെന്ററുകൾ, എന്നിവ നിർബന്ധമാക്കണം.

കൂടാതെ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി പ്രത്യേകം പരിശോധിച്ചുറപ്പിച്ച വനിതാ ഡ്രൈവർമാരുടെ ഒരു പാനൽ തയ്യാറാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.   

Tags:    
News Summary - Delhi HC Seeks Safety Measures For Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.