31 വർഷം തടവ്; ഒടുവിൽ പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ 31 വർഷമായി ജയിലിൽ കഴിയുന്ന എ.ജി. പേരറിവാളന് ഒടുവിൽ മോചനം. ഭരണഘടനയുടെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകുന്ന പ്രത്യേകാധികാരം പ്രയോഗിച്ചാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ മോചന ഉത്തരവ്. നളിനി, ഭർത്താവ് മുരുഗൻ എന്നിവരടക്കം രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട മറ്റ് ആറുപേരുടെ കൂടി മോചനത്തിന് ഇതോടെ വഴിതെളിഞ്ഞു.

പേരറിവാളനെ മോചിപ്പിക്കണമെന്ന അപേക്ഷയിൽ തീരുമാനമെടുക്കുന്നതിൽ തമിഴ്നാട് ഗവർണർ വലിയ കാലതാമസം വരുത്തുന്നതുകൊണ്ടാണ് വിട്ടയക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പ്രസക്തമായ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി തമിഴ്നാട് മന്ത്രിസഭ 2018ൽ തീരുമാനമെടുത്ത് ഗവർണർക്ക് അപേക്ഷ നൽകിയിരുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കോടതി ശിക്ഷിച്ച ഏഴുപേരെയും മാപ്പുനൽകി വിട്ടയക്കാനുള്ള മന്ത്രിസഭ തീരുമാനപ്രകാരം പ്രവർത്തിക്കാൻ ഭരണഘടനയുടെ 161ാം വകുപ്പുപ്രകാരം ഗവർണർ ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു. ഫയൽ രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിട്ടുണ്ടെങ്കിലും ഗവർണർ മുഖേന രാഷ്ട്രപതിയുടെ പ്രതികരണം അറിയുന്നതിന് അതുകൊണ്ടുതന്നെ കാത്തുനിൽക്കില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒമ്പതു വോൾട്ടിന്റെ രണ്ടു ബാറ്ററികൾ വാങ്ങിക്കൊടുത്തു എന്ന കുറ്റം ചാർത്തിയാണ് 19 വയസ്സുള്ളപ്പോൾ പേരറിവാളനെ പൊലീസ് കുടുക്കിയത്. രാജീവ് വധക്കേസിന്റെ സൂത്രധാരനും എൽ.ടി.ടി.ഇ നേതാവുമായ ശിവരശൻ ഈ ബാറ്ററി, ബോംബിൽ ഉപയോഗിച്ചുവെന്നും അന്വേഷകർ കണ്ടെത്തി. 1998ൽ ഭീകരവിരുദ്ധ കോടതി പേരറിവാളന് വധശിക്ഷ വിധിച്ചു. തൊട്ടടുത്ത വർഷം വിധി ശരിവെച്ച സുപ്രീംകോടതി, 2014ൽ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. ഇക്കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ജയിലിൽനിന്ന് ഏറ്റവും നേര​ത്തെ വിട്ടയക്കണമെന്ന് തൊട്ടുപിന്നാലെ പേരറിവാളൻ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ, പേരറിവാളന്റെ അപേക്ഷ അനുവദിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർത്തു. തമിഴ്നാട് ഗവർണർ വിഷയം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണെന്നും തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നുമായിരുന്നു കേന്ദ്രസർക്കാർ വാദം. ഗവർണറുടെ നടപടിയും കാലതാമസവും സുപ്രീംകോടതി ചോദ്യംചെയ്തു.

മാപ്പ് അനുവദിക്കാൻ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരമെന്ന കേന്ദ്രത്തിന്റെ വാദവും സുപ്രീംകോടതി തള്ളി. ഇക്കാലമത്രയും ഗവർണർമാർ മാപ്പ് അനുവദിച്ചതെല്ലാം ഭരണഘടനാവിരുദ്ധമാണ് എന്നാണോ അർഥമാക്കുന്നതെന്ന് കോടതി ചോദിച്ചു.  

Tags:    
News Summary - Rajiv Gandhi Assassination Convict Perarivalan To Walk Free After 31 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.