രാജീവ് ഗാന്ധി വധക്കേസ്; സുപ്രീംകോടതി വിധി ഗവർണർമാർക്ക് താക്കീതെന്ന് തമിഴക രാഷ്ട്രീയ നേതാക്കൾ

ചെന്നൈ: സംസ്ഥാന സർക്കാർ തീരുമാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗവർണർമാർക്കുള്ള താക്കീതാണ് രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളെയും വിട്ടയക്കാനുള്ള സുപ്രീംകോടതി വിധിയെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ അഭിപ്രായപ്പെട്ടു. ഉത്തരവിനെ കോൺഗ്രസും ബി.ജെ.പിയും ഒഴികെ മറ്റെല്ലാ രാഷ്ട്രീയകക്ഷികളും സ്വാഗതം ചെയ്തു.

ഉത്തരവിനെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സ്വാഗതം ചെയ്തു. ഗവർണർമാർ സർക്കാർ തീരുമാനങ്ങളിൽനിന്ന് പിറകോട്ട് പോകരുതെന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു. മോചനവിധി ചരിത്രപരമായ നാഴികക്കല്ലായി മാറിയിരിക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡി.എം.കെയുടെ വാഗ്ദാനമാണ് നിറവേറിയിരിക്കുന്നത്. മനുഷ്യത്വത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന എല്ലാവരുടെയുംകൂടി വിജയമാണിതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ തീരുമാനങ്ങൾ നിയുക്ത ഗവർണർമാരെക്കൊണ്ട് തള്ളിക്കളയുന്ന പ്രവണത വർധിക്കുകയാണ്. സുപ്രീംകോടതി വിധി ജനാധിപത്യ സിദ്ധാന്തത്തിന്‍റെ ചരിത്രവിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവർണറുടെ തെറ്റായ നിലപാട് കാരണം രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയിൽമോചനം നാലുവർഷം വൈകിയെന്ന് പാട്ടാളി മക്കൾ കക്ഷി സ്ഥാപക പ്രസിഡന്‍റ് ഡോ. രാമദാസ് പ്രസ്താവിച്ചു. 2018 സെപ്റ്റംബർ ഒമ്പതിനാണ് കേസിലെ പ്രതികളെ വിട്ടയക്കാൻ തമിഴ്നാട് മന്ത്രിസഭ പ്രമേയം പാസാക്കി ഗവർണർക്ക് അയച്ചുകൊടുത്തത്.

എന്നാൽ ഗവർണർ ഇതിന്മേൽ തീരുമാനമെടുത്തില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും നടപടി ഉണ്ടായില്ല. സംസ്ഥാന സർക്കാർ തീരുമാനങ്ങളിന്മേൽ ഗവർണർമാർക്ക് തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്നും രാമദാസ് ആവശ്യപ്പെട്ടു.

മനഃസാക്ഷിയും മനുഷ്യത്വവുമില്ലാത്ത വ്യക്തിയാണ് ഗവർണർ ആർ.എൻ. രവിയെന്ന് ആരോപിച്ച എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ എം.പി, 30 വർഷത്തെ തടവിനുശേഷമാണ് ഏഴുപേരും ജയിൽമോചിതരാവുന്നതെന്ന് പറഞ്ഞു. ഗവർണർ തൽസ്ഥാനത്തുനിന്ന് രാജിവെക്കുന്നതാണ് അഭികാമ്യമെന്ന് ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവും എം.പിയുമായ തൊൽ തിരുമാവളവൻ അഭിപ്രായപ്പെട്ടു.

വിധിയെ സി.പി.എം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണൻ സ്വാഗതം ചെയ്തു. ദ്രാവിഡർ കഴകം പ്രസിഡന്‍റ് കെ.വീരമണി, നാം തമിഴർ കക്ഷി നേതാവ് സീമാൻ, തമിഴർ വാഴ്വുരിമൈ കക്ഷി നേതാവ് വേൽമുരുകൻ തുടങ്ങിയ വിവിധ തമിഴ് സംഘടന നേതാക്കളും വിധിയെ സ്വാഗതം ചെയ്തു.

കുറ്റവിമുക്തരാക്കാൻ നിയമം അനുവദിക്കുന്നപക്ഷം മറ്റു കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും അത് ബാധകമാണെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം ട്വിറ്ററിൽ കുറിച്ചു. ഒരു കാരണവശാലും കൊലപാതകികളെ ആഘോഷിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Rajiv Gandhi assassination case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.