ഭീതിക്കഥകൾ കേട്ടുമടുത്തു; ഒന്നാം റാ​ങ്കോടെ ശുഭം യാദവ് ഇസ്​ലാമിക പഠനത്തിന് ചേരുന്നു

ശ്രീനഗർ: ഇസ്​ലാമിനെക്കുറിച്ചും മുസ്​ലിംകളെക്കുറിച്ചും പേടിപ്പെടുത്തുന്ന നിറംപിടിപ്പിച്ച കഥകൾ കേട്ടുമടുത്തപ്പോൾ രാജസ്ഥാൻ ആൽവാറിലെ ശുഭം യാദവ് ഒരു കാര്യം തീരുമാനിച്ചു. മുസ്​ലിംകളെക്കുറിച്ച് പഠിക്കുക തന്നെ. കശ്മീർ കേന്ദ്ര സർവകലാശാലയുടെ ഇസ്​ലാമിക് സ്​റ്റഡീസ് എം.എ പ്രവേശന പരീക്ഷക്കിരുന്ന ശുഭം റാങ്ക്​ലിസ്​റ്റിൽ ഒന്നാം സ്ഥാനക്കാരനായി.

2015ൽ ആരംഭിച്ച ഇസ്​ലാമിക് പഠനവിഭാഗത്തിൽ ഇതാദ്യമായാണ് ഒരു അമുസ്​ലിം വിദ്യാർഥി, അതും കശ്മീരിനു പുറത്തുള്ളയാൾ ഒന്നാമനാവുന്നത്. കശ്മീരിലെ പത്രങ്ങളെല്ലാം അതി പ്രാധാന്യത്തോടെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിജയമറിഞ്ഞ് വിളിക്കുന്ന മാധ്യമപ്രവർത്തകരോട് യാദവിന് പറയാനുള്ളത് ഇത്ര മാത്രം.

ജാതി-മത ധ്രുവീകരണവും ഇസ്​ലാമിനെതിരായ പ്രചാരണങ്ങളും വർധിച്ചു വരുന്ന കാലത്ത് സഹോദര മതങ്ങളെക്കുറിച്ച് അറിയുന്നതും മനസ്സിലാക്കുന്നതുമാണ് ശരിയായ ദിശയിലുള്ള പഠനമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇസ്​ലാമിക നിയമങ്ങളും സംസ്കാരവും പഠിക്കുന്നത് ഭാവിയിൽ മതവിഭാഗങ്ങളെ ഇണക്കിച്ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുമെന്നും സിവിൽ സർവിസിൽ ഒരുകൈ നോക്കാനുറച്ചിരിക്കുന്ന ഈ 21കാരൻ കരുതുന്നു. എന്നിരിക്കിലും കശ്മീരിൽ പഠിക്കാൻ ചേരുന്ന കാര്യം ഉറപ്പിച്ചിട്ടില്ല.

സിവിൽ സർവിസ് പരിശീലനത്തിന് കൂടുതൽ സൗകര്യം ഡൽഹിയിലെ പഠനമാണെന്നാകയാൽ ഡൽഹി സർവകലാശാലയുടെ നിയമ പഠനത്തിനുള്ള പ്രവേശന പരീക്ഷയും എഴുതിയിട്ടുണ്ട്. ഡൽഹിയിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ കശ്മീരിലേക്ക് പോകും.

ശുഭം റാങ്ക് പട്ടികയിൽ ഒന്നാംപേരുകാരനായതിൽ ഇസ്​ലാമിക് സ്​റ്റഡീസ് വിഭാഗം മേധാവി പ്രഫ. ഹമീദുല്ലാഹ് മറാസിയും സന്തോഷം മറച്ചുവെക്കുന്നില്ല. വ്യത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും കുറിച്ച് പഠിക്കാൻ വിദ്യാർഥികൾ താൽപര്യപ്പെടുന്നത് ഏറെ ശുഭകരമാണെന്ന് അദ്ദേഹം പറയുന്നു. മകൻ ഇഷ്​ടപ്പെട്ട വിഷയം തെരഞ്ഞെടുത്തു പഠിക്കുന്നതിൽ ചരിത്ര അധ്യാപികയായ അമ്മക്കും ചെറുകിട വ്യാപാരിയായ പിതാവിനും പൂർണ തൃപ്തിയുമുണ്ട്.

Tags:    
News Summary - Rajasthan youth applied for Islamic Studies MA in Kashmir, made history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.