രാഹുലിന്‍െറ അഴിമതിബോംബ് നനഞ്ഞ പടക്കമാകുമോ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തെടുത്ത അഴിമതിബോംബ് നനഞ്ഞ പടക്കമാകുമോയെന്ന് കോണ്‍ഗ്രസിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും സംശയം ബലപ്പെട്ടു.
പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം അവസാനിച്ച വെള്ളിയാഴ്ചയും ലോക്സഭക്ക് അകത്തോ പുറത്തോ അഴിമതി ബോംബ് പൊട്ടിയില്ല.
യു.പിയിലെ കര്‍ഷകപ്രശ്നം മുന്‍നിര്‍ത്തി രാഹുലിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം പ്രധാനമന്ത്രിയെ കണ്ടതാകട്ടെ, അഴിമതിയാരോപണത്തിന്‍െറ ഗൗരവം ചോര്‍ത്തി.

16 പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്‍െറ മുറിയില്‍ യോഗം ചേര്‍ന്ന് സര്‍ക്കാറിനെതിരായ യോജിച്ച നീക്കത്തിന് തീരുമാനിച്ച് മണിക്കൂറുകള്‍ക്കകമാണ് അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ അഴിമതി ബോംബ് പുറത്തെടുത്തത്. എന്നാല്‍, അതിലെ ഉള്ളടക്കം കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാക്കള്‍ക്കോ പ്രതിപക്ഷ നിരയിലുള്ളവര്‍ക്കോ അറിയുമായിരുന്നില്ല.

നരേന്ദ്ര മോദിയുടെ വ്യക്തിപരമായ അഴിമതിയെക്കുറിച്ച് തന്‍െറ പക്കല്‍ വിവരമുണ്ടെന്നും ലോക്സഭക്കുള്ളില്‍ പറയാന്‍ ആഗ്രഹമുണ്ടെങ്കിലും ബഹളംവെക്കുന്ന ഭരണപക്ഷം അതിനു സമ്മതിക്കുന്നില്ളെന്നും രാഹുല്‍ പറഞ്ഞു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാന നേതാവ് നടത്തിയ പ്രസ്താവനയാണെന്നിരിക്കേ, ഗൗരവപ്പെട്ട ചിലത് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അതിന്‍െറ പിരിമുറുക്കം ഭരണപക്ഷത്ത് ഉണ്ടാവുകയും ചെയ്തു. എന്നാല്‍, ബോംബ് പുറത്തെടുത്ത് മൂന്നാംദിവസവും ഒന്നുമുണ്ടായില്ല. മാത്രമല്ല, പ്രധാനമന്ത്രിയെ കണ്ട് രാഹുല്‍ നിവേദനം നല്‍കിയത് അമ്പരപ്പുമുണ്ടാക്കി.

പാര്‍ലമെന്‍റ് സമ്മേളനം കഴിയാന്‍ കാത്തിരിക്കുകയാവാം അദ്ദേഹമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിലുള്ളവര്‍ പങ്കുവെക്കുന്നത്.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സ് കുട്ടയിലെറിയാന്‍ പറഞ്ഞതടക്കം രാഹുല്‍ മുമ്പും നാടകീയത പ്രകടിപ്പിച്ചിട്ടുണ്ട്. അഴിമതി ബോംബ് നനഞ്ഞ പടക്കമായാല്‍, പാര്‍ട്ടി നേതാവിന്‍െറ വിശ്വാസ്യത ഇടിയുകയും ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ച കൂടുകയും ചെയ്യുമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

 

Tags:    
News Summary - rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.