സി.എ.എ നടപ്പാക്കിയെന്ന ബി.ജെ.പി അവകാശവാദം നുണയാണെന്ന് മമത

കൊൽക്കത്ത: സി.എ.എ നടപ്പാക്കിയെന്ന ബി.ജെ.പി അവകാശവാദം നുണയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 14 പേർക്ക് പൗരത്വം നൽകിയതിലൂടെ സി.എ.എ നടപ്പിലാക്കാൻ സാധിച്ചുവെന്ന ബി.ജെ.പി അവകാശവാദത്തിനെതിരെയാണ് മമത രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രേരിതമായാണ് ഇത്തരം അവകാശവാദങ്ങൾ ബി.ജെ.പി ഉന്നയിക്കുന്നതെന്ന് മമത ബാനർജി പറഞ്ഞു.

പൗരത്വം നൽകുന്നവരെ വിദേശികളായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ജയിലിൽ തള്ളുമെന്ന് മമത ബാനർജി ആരോപിച്ചു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് മമത ബാനർജിയുടെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പരസ്യങ്ങൾ നുണകൾ നിറഞ്ഞതാണ്.

ഇത്തരം പരസ്യങ്ങളിൽ ഹിന്ദുക്കൾക്കും സിക്കുകാർക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് പറയുന്നത്. അവരെ ഒരിക്കലും വിശ്വസിക്കരുത്. നിങ്ങളെല്ലാം ഇന്ത്യയിലെ പൗരൻമാരാണ്. സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിച്ചാൽ നിങ്ങളെ അവർ വിദേശപൗരൻമാരായി മുദ്രകുത്തുമെന്നും മമത പറഞ്ഞു.

സന്ദേശ്ഖാലിയിൽ ചെയ്തത് പോലെ എല്ലാം ബി.ജെ.പിയുടെ നുണയാണ്. തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് സി.എ.എ. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സി.എ.എക്ക് അപേക്ഷിച്ചവരെ വീടുകളിൽ നിന്നും പുറത്താക്കി ജയിലിലടക്കുമെന്നും മമത ബാനർജി പറഞ്ഞു. 2019ലാണ് കേന്ദ്രസർക്കാർ സി.എ.എ കൊണ്ടുവന്നത്. എന്നാൽ, എതിർപ്പ് മൂലം അവർക്ക് അത് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്ന മുസ്‍ലിംകളല്ലാത്ത അഭയാർഥികൾക്ക് പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ

Tags:    
News Summary - Mamata Banerjee on Centre granting citizenship under CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.