സമ്പന്നർക്കും ദരിദ്രർക്കുമായി പ്രധാനമന്ത്രി സൃഷ്ടിച്ചത് 'രണ്ട് ഇന്ത്യകൾ'; വിമർശനവുമായി രാഹുൽഗാന്ധി

ഗാന്ധിനഗർ: ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി രണ്ട് ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. സമ്പന്നർക്കും ദരിദ്രർക്കുമായി പ്രധാനമന്ത്രി രണ്ട് ഇന്ത്യകളെയാണ് സൃഷ്ടിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്തിന്‍റെ വിഭവങ്ങൾ മുഴുവന്‍ ബി.ജെ.പിയും പ്രധാനമന്ത്രിയും സമ്പന്നർക്ക് തീറെഴുതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ഗോത്രവർഗ ദഹോദ് ജില്ലയിൽ നടന്ന ആദിവാസി സത്യാഗ്രഹ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസമുണ്ട്. ഗുജറാത്ത് മോഡലിലൂടെ സാധാരണക്കാരുടെയും ആദിവാസികളുടെയും വെള്ളം, വനം, ഭൂമി തുടങ്ങിയവയെല്ലാം സമ്പന്നർക്ക് തീറെഴുതിനൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരവും പണവുമുള്ള ശതകോടീശ്വരൻമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു ഇന്ത്യയും ദരിദ്രരുടെ മറ്റൊരു ഇന്ത്യയെയുമാണ് പ്രധാനമന്ത്രി സൃഷ്ടിച്ചതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി സർക്കാർ ആദിവാസികളുടെ അവകാശങ്ങൾ ഇല്ലാതാക്കി. കോൺഗ്രസ് പാർട്ടിക്ക് രണ്ട് ഇന്ത്യ ആവശ്യമില്ല. ഗുജറാത്തിൽ ആദിവാസികൾ അവരുടെ കഠിനാധ്വാനത്തിലൂടെ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിലും അവർക്ക് എന്താണ് തിരിച്ച് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.

മഹാമാരികാലത്ത് ഗുജറാത്തിൽ മൂന്ന് ലക്ഷം പേർ മരിച്ചപ്പോൾ ബാൽക്കണിയിൽ നിന്ന് പാത്രങ്ങൾ കൊട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രിയെയും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് കോവിഡ് കാരണം 60 ലക്ഷം പേർ മരിച്ചതിനും ഗംഗാ നദി മൃതദേഹങ്ങളാൽ നിറഞ്ഞതിനും ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Rahul Gandhi Talks Of "Two Indias", Targets PM Modi In Poll-Bound Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.