കലിംഗ സ്റ്റേഡിയം

ചരിത്രം കുറിച്ച് ഇന്ത്യ; 2028ലെ ലോക ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഭുവനേശ്വർ വേദിയാകും

ന്യൂഡൽഹി: ഭുവനേശ്വർ വേദിയാകുന്ന 2028ലെ വേൾഡ് ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. പോളണ്ടിലെ ടോറൂണിൽ നടന്ന വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു ലോക ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. 2026ലെ ലോക ഇൻഡോർ ചാമ്പ്യൻഷിപ്പ് പോളണ്ടിൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് 2028ലേക്കുള്ള വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തത്. വേൾഡ് അത്‌ലറ്റിക്‌സ് വൈസ് പ്രസിഡന്റ് അഡീലെ സുമരിവാല ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

ഔട്ട്‌ഡോർ മത്സരങ്ങളെ അപേക്ഷിച്ച് ഇൻഡോർ അത്‌ലറ്റിക്‌സിന് ചില പ്രത്യേകതകളുണ്ട്സാധാരണ 400 മീറ്ററിന് പകരം 200 മീറ്റർ ട്രാക്കാണ് ഇവിടെയുള്ളത്. ട്രാക്കിലെ വളവുകൾക്ക് 10 ഡിഗ്രി ചെരിവുണ്ടാകും. അടച്ചുറപ്പുള്ള സ്റ്റേഡിയമായതിനാൽ കാറ്റ് മത്സരങ്ങളെ ബാധിക്കില്ല. 100 മീറ്ററിന് പകരം 60 മീറ്റർ സ്പ്രിന്റാണ് ഇൻഡോറിൽ നടക്കുക. സാധാരണയായി ജനുവരി മുതൽ മാർച്ച് വരെയാണ് ഇൻഡോർ സീസൺ നടക്കുന്നത്. ഇന്ത്യൻ താരങ്ങൾ ഈ സമയത്ത് വിശ്രമത്തിലായിരിക്കും. എന്നാൽ ഇനി ഈ സമീപനത്തിൽ മാറ്റം വരുമെന്നും, ഇൻഡോർ മത്സരങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ പ്രത്യേകം കണ്ടെത്തുമെന്ന് മുൻ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് അഞ്ജു ബോബി ജോർജ് പറഞ്ഞു.

ലോക റെക്കോർഡ് ഉടമയും പോൾവോൾട്ട് ഇതിഹാസവുമായ അർമാൻഡ് മോണ്ടോ ഡുപ്ലാന്റിസ് ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങൾ ഭുവനേശ്വറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കായിക പ്രേമികൾക്ക് ലോകത്തെ ഏറ്റവും മികച്ച അത്‌ലറ്റുകളെ നേരിൽ കാണാനുള്ള അപൂർവ്വ അവസരമാണിത്. അത്യാധുനിക സൗകര്യങ്ങളാൽ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം സമുച്ചയമായിരിക്കും മത്സരങ്ങൾക്ക് വേദിയാകുന്നത്. കഴിഞ്ഞ ജനുവരിയിൽ വേൾഡ് അത്‌ലറ്റിക്‌സ് പ്രതിനിധികൾ ഈ സൗകര്യങ്ങൾ സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു.

അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) പ്രസിഡന്റ് ബഹദൂർ സിങ് സഗൂ പറഞ്ഞത്, നീരജ് ചോപ്രയുടെ ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പ് വിജയങ്ങൾക്ക് ശേഷം ഇന്ത്യൻ അത്‌ലറ്റിക്‌സിന് ആഗോളതലത്തിൽ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നാണ്. 2028ലെ വേൾഡ് അണ്ടർ 20 ചാമ്പ്യൻഷിപ്പ്, 2031ലെ വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.

Tags:    
News Summary - Bhubaneswar to host 2028 World Indoor Athletics Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.