ന്യൂഡൽഹി: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനുകളിൽ നിന്നുവീണ് അഞ്ചുപേർ മരിച്ച സംഭവത്തിൽ റെയിൽവേക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ നട്ടെല്ലാണ് ഇന്ത്യൻ റെയിൽവേയെന്നും എന്നാൽ, ഇന്ന് അത് അരക്ഷിതാവസ്ഥയുടെയും തിരക്കിന്റെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി മാറിയിരിക്കുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.
‘മോദി സര്‍ക്കാര്‍ 11 വര്‍ഷത്തെ ‘സേവനം’ ആഘോഷിക്കുമ്പോള്‍, മുംബൈയില്‍ നിന്ന് വരുന്ന ദാരുണമായ വാര്‍ത്തകളിലാണ് രാജ്യത്തിന്റെ യഥാർഥ ചിത്രം പ്രതിഫലിക്കുന്നത്. ട്രെയിനില്‍ നിന്നുവീണ് കുറച്ചുപേര്‍ മരിച്ചിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന്റെ നട്ടെല്ലാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍, ഇന്ന് അത് അരക്ഷിതത്വത്തിന്റെയും, തിക്കും തിരക്കിന്റെയും, കെടുകാര്യസ്ഥതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ആര് പരിഗണിക്കും? മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.
റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ അഞ്ചുപേരാണ് മഹാരാഷ്ട്രയിലെ താനെയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനുകളിൽനിന്നുവീണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. എതിർദിശയിൽ കടന്നുപോയ രണ്ട് ലോക്കൽ ട്രെയിനുകളിൽ വാതിൽപ്പടിയിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്തവരാണ് വീണത്.
രണ്ട് ട്രെയിനിലും വൻ തിരക്ക് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ മുംബ്ര റെയിൽവേ സ്റ്റേഷനിലെ മൂന്ന്, നാല് പ്ലാറ്റ്ഫോമുകൾക്കിടയിലായിരുന്നു അപകടം. ഇരുട്രെയിനുകളും അതിവേഗതയിൽ കടന്നുപോയപ്പോൾ വാതിൽപ്പടിയിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്തിരുന്നവർ കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ 13 പേർ വീഴുകയും അഞ്ചുപേർ മരിക്കുകയുമായിരുന്നുവെന്ന് താനെ റെയിൽവേ സ്റ്റേഷൻ പുറത്തുവിട്ട വാർത്തക്കുറിപ്പിൽ പറഞ്ഞു.
റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ് സംഭവത്തിൽ അനുശോചിച്ചു. വൻ തിരക്കായതിനാൽ പലപ്പോഴും ലോക്കൽ ട്രെയിനുകളിൽ അപകടകരമായ രീതിയിൽ വാതിലിൽ തൂങ്ങിയാണ് ആളുകൾ യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.