‘സത്യപ്രതിജ്ഞ പാർലമെന്റിൽ ചെയ്തിട്ടുണ്ട്’ -തെരഞ്ഞെടുപ്പ് കമീഷന് മറുപടിയുമായി രാഹുൽ; വോട്ട് കൊള്ള ആവർത്തിച്ച് ബംഗളൂരു റാലി

ബംഗളൂരു: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് അട്ടിമറി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ ​കേന്ദ്ര സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി. ബംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ റാലി’യിലും വോട്ട് ​തട്ടിപ്പ് ആരോപണങ്ങൾ ലോക്സഭ പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. വ്യാഴാഴ്ച വാർത്താ സമ്മേളനം നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ​ഭീഷണി നോട്ടീസിനും രാഹുൽ ശക്തമായ ഭാഷയിൽ മറുപടി നൽകി. പാർലമെന്റിനുള്ളിലും ഭരണഘടനയിലും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനോടായി രാഹുൽ ​തിരിച്ചടിച്ചു.

​വോട്ടർപട്ടികയിലെ അട്ടിമറി പുറത്തുവിട്ടതിനു പിന്നാലെ മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകളാണ് രാഹുലിനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനും പ്രതിജ്ഞയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള കർണാടക മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറു​ടെ നോട്ടീസ് വ്യാഴാഴ്ചത്തെ വാർത്താ സമ്മേളനത്തിനിടെയാണ് പുറപ്പെടുവിച്ചത്. ഈ മുന്നറിയിപ്പുകൾക്കെല്ലാമായിരുന്നു ബംഗളൂരുവിൽ വെച്ച് രാഹുൽ മറുപടി നൽകിയത്.

കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ​ങ്കെടുത്ത ‘വോട്ട് അധികാർ റാലി’യിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ചോദ്യങ്ങളും ഉയർത്തി. അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽവെച്ചത്. എന്തുകൊണ്ടാണ് ഡിജിറ്റൽ മെഷീൻ റീഡബിൾ ഫോർമാറ്റിൽ വോട്ടർ പട്ടിക നൽകാത്തത്?. വീഡിയോ തെളിവുകൾ എന്തിനാണ് നശിപ്പിച്ചുകളയുന്നത്?. വോട്ടർ പട്ടികയിൽ വൻ തട്ടിപ്പ് നടത്തുന്നത് എന്തിനാണ്?. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ടാണ് ബി.ജെ.പിയുടെ ഏജന്റിനെപ്പോലെ പെരുമാറുന്നത്? - രാഹുൽ കമ്മീഷനോടായി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രകിയയുടെ അട്ടിമറിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റതായി രാഹുൽ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യം വോട്ടവകാശമാണ്. അത് അട്ടിമറിക്കപ്പെട്ടു. വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. വോട്ടർപട്ടികയുടെ പൂർണരൂപം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണം -രാഹുൽ ആവശ്യപ്പെട്ടു. കർണാടകയിൽ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് ജയിക്കേണ്ടതായിരുന്നുവെന്നും, കോൺഗ്രസ് തോറ്റ​താണോ അതോ തോൽപിക്കപ്പെട്ടതാണോയെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്റെ വെളിപ്പെടുത്തലിന് ശേഷം ബിഹാർ, മധ്യപ്രദേശ് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വെബ്സൈറ്റുകൾ കമ്മീഷൺ ഡൗൺ ആക്കിയെന്ന് ആരോപിച്ച രാഹുൽ രാജ്യത്തെ മുഴുവൻ ​ഇലക്ട്രോണിക് വോട്ടർ പട്ടികയും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊന്നായ മഹാദേവപുര മണ്ഡലത്തിൽ മാത്രം നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തിൽപരം (100,250) വ്യാജ വോട്ടുകൾ കണ്ടെത്തിയതായാണ് വാർത്താ സമ്മേളനത്തിൽ തെളിവുകൾ സഹിതം രാഹുൽ ഗാന്ധി പുറത്തുവിട്ടത്. അഞ്ചു തരത്തിലാണ് വ്യാജ വോട്ടുകൾ കൂട്ടിച്ചേർത്തതെന്നും അതെങ്ങനെയാണെന്നും രാഹുൽ വിശദീകരിച്ചു. വ്യാജ വോട്ടുകളിലൂടെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ബി.ജെ.പിക്ക് 1,14,046 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി കോൺഗ്രസിനെ തോൽപിച്ചത് 32,707 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ്.

Tags:    
News Summary - Rahul Gandhi slams ECI for asking affidavit under oath, says he has taken oath in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.