വാർത്താ സമ്മേളനത്തിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം.
ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
25 ലക്ഷം കള്ളവോട്ടുകൾ കണ്ട തെരഞ്ഞെടുപ്പിൽ എല്ലാ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കഥയാണെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ബ്രസേലിയൻ മോഡലിന്റെ പേരിലും സംസ്ഥാനത്ത് വലിയ വ്യാജ വോട്ടുകൾ നടന്നു. പേര് അറിയാത്ത, ഒരു മോഡലിന്റെ ചിത്രത്തിൽ പലപേരുകളിലായി പത്ത് ബൂത്തുകളിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുൽ തെളിവ് സഹിതം വെളിപ്പെടുത്തി. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി ഒരേ ചിത്രത്തിലാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്.
19 ലക്ഷത്തിലധികം ബൾക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 93,000ത്തിൽ ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചനയാണ് നടന്നത്.
ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് വൻ അട്ടിമറിയുടെ കഥ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്.
വെട്ടിയത് 3.5 ലക്ഷം വോട്ടുകൾ
3.5 ലക്ഷം വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കി. അത് മുഴുവനും കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും വോട്ടുകളായിരുന്നു. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാരുടെ വീഡിയോ സന്ദേശം കൂടി അവതരിപ്പിച്ചുകൊണ്ട് രാഹുൽ വിശദീകരിച്ചു.
അടിമുടി ക്രമക്കേട് നടന്ന ഹരിയാനയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രം സ്ക്രീനിൽ പ്രദർശിപ്പിച്ചായിരുന്നു രാഹുൽ മറ്റൊരു തട്ടിപ്പിന്റെ തെളിവ് ഹാജരാക്കിയത്. ‘ആരാണിത് എന്ന് ചോദ്യവുമായി’ ചിത്രം പ്രദർശിപ്പിച്ച് മാധ്യമപ്രവർത്തകരോടും ചോദിച്ചു. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിൽ 10 ബൂത്തുകളിൽ 22 വോട്ടുകളാണ് ഇവർ ചെയ്തതത്.
യഥാർഥത്തിൽ ഇവർ മതീയസ് ഫെറാരോ എന്ന ബ്രസീലിയൻ മോഡലാണെന്നും, അവരുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഐ.ഡികൾ സൃഷ്ടിച്ച് വോട്ട് രേഖപ്പെടുത്തുകയായിരുന്നു രാഹുൽ പറഞ്ഞു. മോഡലിന്റെ ഫേസ് ബുക് പേജിന്റെ ചിത്രവും രാഹുൽ പങ്കുവെച്ചു.
കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. ഇതൊരു കേന്ദ്രീകൃത അട്ടിമറിയാണ് എന്നു പറയാനുള്ള പ്രധാന കാരണം ഇതാണെന്നും രാഹുൽ പറഞ്ഞു. 521 619 ഡൂപ്ലിക്കേറ്റ് വോട്ടുകളാണ് കണ്ടെത്തിയത്. അതിൽ 93,174 വ്യാജ വിലാസങ്ങൾ തിരിച്ചറിഞ്ഞു.
ബി ഗോലാകൃഷ്ണന്റെയും പ്രതികരണം
കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്റെ വോട്ട് തട്ടിപ്പ് വെല്ലുവിളിയും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. തൃശൂരിലെ വോട്ട് ചോരിയിൽ പ്രതികരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയാണ് ഉൾപ്പെടുത്തിയത്. ‘ഞങ്ങൾ ജയിക്കാൻ വേണ്ടി വോട്ടു ചേർക്കും. ജമ്മു കശ്മീരിൽ നിന്നും വോട്ടർമാരെ എത്തിച്ച് വോട്ട് ചേർക്കും’ എന്ന ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്റെ ടി.വി ഫൂട്ടേജാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചത്.
ഹരിയാനയിൽ നടന്നത് ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ ഏറ്റവും വലിയ സർക്കാർ വോട്ട് ചോരിയാണെന്ന് രാഹുൽ വെളിപ്പെടുത്തി. വോട്ടെണ്ണലിന്റെ തലേ ദിവസത്തെ എക്സിറ്റ് പോളുകളിൽ വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയുടെ വിജയം പ്രവചിച്ചപ്പോൾ, അടുത്ത ദിവസം ഫലം പ്രഖ്യാപിച്ചപ്പോൾ അട്ടിമറി പൂർണമായും പുറത്തുവന്നു.
കോൺഗ്രസ് വിജയിക്കാനിരുന്ന തെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ സഹായത്തോടെ ബി.ജെ.പി തട്ടിയെടുക്കുകയായിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഹരിയാനയിൽ സർക്കാറിന് തുടരാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ വിജയം പ്രവചിച്ച ഹരിയാന തെരഞ്ഞെടുപ്പിൽ 48 സീറ്റുമായാണ് ബി.ജെ.പി സർക്കാർ അധികാരം നിലനിർത്തിയത്. കോൺഗ്രസ് 37 സീറ്റിൽ ഒതുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.