രാഹുൽ ഗാന്ധി
ന്യൂഡൽഹി: യു.പിയിൽ ആൾക്കൂട്ട തല്ലിക്കൊന്ന ഹരിഓം വാൽമികിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി. റായ്ബറേലിയിൽവെച്ച് ഈ മാസം ആദ്യമാണ് ഹരിഓം വാൽമികി കൊല്ലപ്പെട്ടത്. യു.പി സർക്കാറിന്റെ എതിർപ്പ് അവഗണിച്ചാണ് കുടുംബവുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. കുടുംബം ഒരു കുറ്റവും ചെയ്തിട്ടില്ല. അവർക്കെതിരായാണ് കുറ്റം നടന്നത്. വീട്ടിൽ നിന്നും പുറത്തുപോകാൻ അവർക്ക് അവകാശമില്ല. ആളുകൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് ഉടനീളം ദലിതർക്കെതിരായ അക്രമവും കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടക്കുകയാണ്. ദലിതർക്ക് നീതി ഉറപ്പാക്കാൻ സർക്കാർ തയാറാവണം. അവർ ബഹുമാനം അർഹിക്കുന്നുണ്ടെ്. അവർക്ക് സംരക്ഷണമൊരുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിഷയം എക്സിലൂടെ പ്രിയങ്ക ഗാന്ധിയും ഉയർത്തി. രാഹുൽ ഗാന്ധിയെ കാണരുതെന്ന് ദലിത് കുടുംബത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ദലിതർക്കെതിരെ എവിടെ അക്രമം നടന്നാലും. അവിടെയെല്ലാം കോൺഗ്രസ് പാർട്ടി അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഒക്ടോബർ ഒന്നിനാണ് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഹരി ഓം എന്ന ദലിത് യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നത്. ഡ്രോൺ മോഷ്ടാവെന്നാരോപിച്ചായിരുന്നു അത്. യാതൊരു ദയയുമില്ലാതെ തല്ലിച്ചതച്ചതിനു ശേഷം അവശനായ യുവാവിനെ റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. അവിടെ വെച്ചായിരുന്നു യുവാവിന്റെ അന്ത്യവും. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികളിൽ ദലിത്/മറ്റ് പിന്നാക്ക വിഭാഗക്കാരും ഉൾപെട്ടിട്ടുണ്ട്. മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
വീടുകളിൽ നിന്ന് ഡ്രോണുകൾ വഴി സാധനങ്ങൾ മോഷ്ടിക്കുന്നുവെന്ന അഭ്യൂഹം മൂലമുണ്ടായ പരിഭ്രാന്തിയാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുയായികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രേരിത ആക്രമണമാണിതെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ആരോപിക്കുന്നത്. രാഹുൽ ഗാന്ധി ഹരി ഓമിന്റെ കുടുംബത്തെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ഓമിന്റെ പിതാവുമായും സഹോദരനുമായുമാണ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടത്. ഈ അനീതിക്കെതിരായ പോരാട്ടത്തിൽ താൻ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.