രാഹുൽ ഗാന്ധി അപമാനിച്ചത് ഒ.ബി.സി വിഭാഗത്തെ; നിരന്തരമായി നിയമം ലംഘിക്കുന്നു -ബി.ജെ.പി

ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് അപമാനിച്ചതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രദാൻ. രാഹുൽ ഒ.ബി.സി വിഭാഗത്തേയും അപമാനിച്ചു. ഫ്യൂഡൽ മനസ്ഥിതിയുടെ ഫലമാണിത്. നിയമത്തിന് മുകളിലാണ് തങ്ങളെന്ന ചിന്തയാണ് ഗാന്ധി കുടുംബത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒരു നേതാവിനും ജാതിഅധിക്ഷേപം നടത്താൻ അവകാശമില്ല. ഒ.ബി.സി വിഭാഗത്തെയാണ് രാഹുൽ അപമാനിച്ചത്. ഇത് അവരുടെ മനസ്ഥിതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ​അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയിരുന്നു. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി.

കോടതി ശിക്ഷ വിധിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ എത്തിയിരുന്നു. കൂടാതെ, കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കി കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷ ഇന്നലെ വിധിച്ചത്. ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. മേൽകോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

Tags:    
News Summary - Rahul Gandhi insulted PM Modi, says BJP after his disqualification as MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.