​'രാമൻ' പുരാണ കഥാപാത്രമെന്ന് രാഹുൽ ഗാന്ധി; ഹിന്ദു വിരുദ്ധ പരാമർശമെന്ന് ബി.ജെ.പിയുടെ വിമർശനം

ന്യൂഡൽഹി: ശ്രീരാമനെ പുരാണ കഥാപാത്രമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി. യു.എസ് സർവകലാശാലയിൽ നടന്ന സംവാദത്തിനിടെയാണ് രാഹുൽ ഗാന്ധി ശ്രീരാമനെ പുരാണ കഥാപാത്രമെന്ന് വിശേഷിപ്പിച്ചത്. തീർത്തും ഹിന്ദു വിരുദ്ധ പരാമർശമാണിതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കൾ രാഹുൽ രാമവിരുദ്ധനാണെന്നും ആരോപിച്ചു.

ബ്രൗൺ യൂനിവേഴ്‌സിറ്റിയിലെ വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്‌സിൽ നടന്ന സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.

ഹിന്ദു ദേശീയത ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന മതേതര രാഷ്ട്രീയം എങ്ങനെ രൂപപ്പെടുത്തണം എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ മഹാന്മാരായ സാമൂഹിക പരിഷ്കർത്താക്കളും രാഷ്ട്രീയ ചിന്തകരും ആരും തന്നെ മതഭ്രാന്തന്മാരല്ലെന്ന് മറുപടി നൽകിയ ഗാന്ധി, ബി.ജെ.പി പറയുന്നത് ഹിന്ദു ആശയമായി താൻ പരിഗണിക്കുന്നതേ ഇല്ലെന്നും സൂചിപ്പിച്ചു.

''നമ്മുടെ പുരാണ കഥാപാത്രമായ ശ്രീരാമനും അങ്ങനെയുള്ള ആളായിരുന്നു. അദ്ദേഹം ക്ഷമിക്കുന്നവനും കരുണയുള്ളവനുമായിരുന്നു. ബി.ജെ.പി പറയുന്നതിനെ ഹിന്ദുക്കളുടെ ആശയമായി ഞാൻ കണക്കാക്കുന്നില്ല. ഹിന്ദുക്കളുടെ ആശയം കൂടുതൽ ബഹുസ്വരതയുള്ളതും സഹിഷ്ണുതയുള്ളതും തുറന്നതും ആണെന്നാണ് കരുതുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സമൂഹങ്ങളിലും ആ ആശയങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത ആളുകളുണ്ട്. ഗാന്ധിജി അവരിൽ ഒരാളാണ്. ആളുകളോടുള്ള വെറുപ്പും കോപവും ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത്. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ ആരെയും വെറുക്കുന്നില്ല എന്നാണർഥം'' -രാഹുൽ പറഞ്ഞു.

ബി.ജെ.പിയുടെ ആശയത്തെ ഹിന്ദു ആശയമായി ഒരിക്കലും കരുതാൻ കഴിയില്ല. ചിന്തയുടെ കാര്യത്തിലാണെങ്കിൽ അവർ ഒരു പ്രാന്ത പ്രദേശ വിഭാഗമാണ്. അവരിപ്പോൾ രാഷ്ട്രീയ അധികാരം പിടിച്ചെടുത്തു. അവർക്ക് വലിയ അളവിൽ സമ്പത്തും അധികാരവുമുണ്ട്. എന്നാൽ അവർ ഒരു തരത്തിലും ഇന്ത്യൻ ചിന്തകരിലെ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്നില്ല. -രാഹുൽ വ്യക്തമാക്കി.

അഭിമുഖത്തിന്റെ ക്ലിപ്പ് ബി.ജെ.പി ​നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. രാമക്ഷേത്ര നിർമാണത്തെ പോലും എതിർത്തവരാണ് സംസാരിക്കുന്നതെന്നും വിമർശനമുയർന്നു. ഹിന്ദുക്കളെയും ശ്രീരാമനെയും അപമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ സ്വത്വമായി മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല എക്സിൽ കുറിച്ചു. ''ഇപ്പോൾ ശ്രീരാമൻ പുരാണമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത്. ​സത്യവാങ്മൂലത്തിലൂടെ ശ്രീരാമന്റെ അസ്തിത്വത്തെ നിരാകരിച്ചവരും രാമക്ഷേത്ര നിർമാണത്തെ എതിർത്തവരും ഹിന്ദു ഭീകരത എന്ന വാചകം സൃഷ്ടിച്ചവരുമാണ് കോൺഗ്രസുകാർ. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുത്തില്ല. ഇത് അവരുടെ രാമവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ മാനസികാവസ്ഥയെ കാണിക്കുന്നു. അവർ പാകിസ്താന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. സേനകളുടെ മനോവീര്യം വ്രണപ്പെടുത്തുന്നു. അവർ രാമവിരുദ്ധരും ഇന്ത്യാവിരുദ്ധരുമാണ്. ജനങ്ങൾ ഇത് ക്ഷമിക്കില്ല.​''-എന്നാണ് മറ്റൊരു ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചത്.

2007ൽ യു.പി.എ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ശ്രീരാമന് ഇവിടെയുണ്ടായിരുന്നു എന്നതിന് ചരിത്രപരമായ തെളിവൊന്നുമില്ലെന്നാണ് സൂചിപ്പിച്ചത്. രാമൻ ഏത് എൻജിനീയറിങ് കോളജിൽ പഠിച്ചു എന്നോ അദ്ദേഹം ഏത് പാലം പണിതു എന്നോ പറയുന്ന ചരിത്രമില്ലെന്ന് പറഞ്ഞുകൊണ്ട് സഖ്യകക്ഷിയായ ഡി.എം.കെയും ശ്രീരാമനെ പരിഹസിച്ചുവെന്ന് ബി.ജെ.പി വക്താവ് സി.ആർ. കേശവനും എഴുതി.

വാൽമീകിയുടെ രാമായണത്തിന് ചരിത്രപരമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2007ൽ അന്നത്തെ യു.പി.എ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെയാണ് ബി.ജെ.പി നേതാക്കൾ പരാമർശിച്ചത്.

Tags:    
News Summary - Rahul Gandhi calls Lord Rama mythological; BJP hits back with anti Hindu jibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.