ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കയേ തീരൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയാണ്, പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. 10 ജനപഥിന് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ട് രാഹുൽ ഗാന്ധി, വിദ്യാർത്ഥികൾക്ക് മൂന്ന് ആവശ്യങ്ങളുണ്ടെന്നും ഇവയിൽ വിട്ടവീഴ്ച ചെയ്യാനാവില്ലെന്നും പറഞ്ഞു. "അഴിമതിക്കാരനും കഴിവുകെട്ടവനും തെറ്റായ നിലപാടുകളുള്ളവനുമായ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം എന്നതാണ് ആദ്യത്തെ ആവശ്യം." പ്രധാനിനെ പുറത്താക്കുന്നതിന് പകരം മറ്റൊരു വകുപ്പിലേക്ക് മാറ്റുന്നതിനെക്കുറിച്ച് നരേന്ദ്ര മോദി മന്ത്രിസഭയിൽ ചില ചർച്ചകൾ നടക്കുന്നുണ്ട്.
ഇത് ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സ്വീകാര്യവുമല്ല, മറ്റാർക്കും സ്വീകാര്യവുമല്ല, പ്രധാൻ അഴിമതിയുടെ പ്രതീകവും വിദ്യാർത്ഥികളുടെ ഭാവിയുടെ നാശവുമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ധർമേന്ദ്ര പ്രധാനെ ഇങ്ങോട്ടും അങ്ങോട്ടും മാറ്റുന്നതിനെക്കുറിച്ച് യാതൊരു ചർച്ചയും ഉണ്ടാകാൻ പോകുന്നില്ല. ധർമേന്ദ്ര പ്രധാനെ പുറത്താക്കണം," അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുട്ടികൾക്ക് ലാത്തിച്ചാർജിലും പെല്ലറ്റ് ആക്രമണത്തിലും പരിക്കേറ്റു. ഇത്തരത്തിൽ വിദ്യാർത്ഥികളെ ആക്രമിച്ചവർക്കും ആക്രമണത്തിന് നിർദേശം നൽകിയവർക്കും എതിരേ നടപടി എടുക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കുട്ടികളോടും യുവാക്കളോടും മാപ്പ് പറയണം. ഈ മൂന്ന് ആവശ്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് കുട്ടികൾ തയ്യാറാവില്ല.
"നരേന്ദ്ര മോദിയുടെ കാലം കഴിഞ്ഞു. കഴിഞ്ഞ കാലത്തിന് ഒരിക്കലും ഭാവിയോട് പോരാടാനാകില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതൃത്വം നൽകുന്ന നിരന്തരമായ പ്രതിഷേധങ്ങൾക്കിടയിലും സർക്കാർ പ്രധാനിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹത്തിന്റെ രാജി തള്ളിക്കളഞ്ഞുവെന്നുമുള്ള റിപ്പോർട്ടുകൾക്കിടയിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ സമരത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.