‘ട്രേഡ് സീക്രട്ട്’; എസ്.ഐ.ആർ വോട്ടർ പട്ടിക പരിശോധിച്ച സോഫ്റ്റ്‌വെയർ വെളിപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പിഴവുകളും പൊരുത്തക്കേടുകളും കണ്ടെത്താൻ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടിക്കിടെ ഉപയോഗിച്ച സോഫ്റ്റ്‌വെയറിന്റെ പേരും പതിപ്പും വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് വാണിജ്യ രഹസ്യങ്ങൾ, വ്യാപാര രഹസ്യങ്ങൾ, ബൗധിക സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളായതിനാൽ ഇവ വെളിപ്പെടുത്തുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കമീഷൻ വ്യക്തമാക്കിയത്.

തെലങ്കാനയിലെ കരിംനഗർ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ എം.എ. മുജീബ് അയ്യൂബ് ജൂലൈ 27നാണ് ഇതുസംബന്ധിച്ച് വിവരാവകാശ അപേക്ഷ നൽകിയത്. എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടർപട്ടികയിലെ പിഴവുകൾ, ക്രമക്കേടുകൾ, പൊരുത്തക്കേടുകൾ എന്നിവ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്‌വെയർ, ആപ്ലിക്കേഷൻ, അൽഗോരിതം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്ലാറ്റ്ഫോം എന്നിവയുടെ വിവരങ്ങളാണ് അദ്ദേഹം തേടിയത്.

ഒക്ടോബർ 16ന് നൽകിയ മറുപടിയിൽ എസ്.ഐ.ആർ നടപടിക്കായി പുതിയ സോഫ്റ്റ്‌വെയറുകളൊന്നും വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തണോ ഒഴിവാക്കണോ എന്ന കാര്യത്തിൽ വോട്ടർപട്ടിക രജിസ്ട്രേഷൻ ഉദ്യോഗസ്ഥരാണ് തീരുമാനമെടുക്കുന്നതെന്നും കമീഷൻ അറിയിച്ചു.

വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്നതിന് ഉപയോഗിച്ച സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. സോഫ്റ്റ്‌വെയറോ എ.ഐ സംവിധാനമോ സ്വയം പിഴവുകൾ കണ്ടെത്തി പരിശോധനക്കോ തിരുത്തലിനോ പേരുകൾ നീക്കം ചെയ്യുന്നതിനോ നിർദേശങ്ങൾ നൽകുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇത്തരത്തിൽ വിവരങ്ങൾ കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുന്നതെങ്ങനെയാണെന്നും അതിന്റെ വിശദമായ നടപടിക്രമം എന്താണെന്നും വ്യക്തമാക്കണമെന്ന ആവശ്യവും അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. എസ്.ഐ.ആറിന്റെ ഏതെങ്കിലും ഘട്ടത്തിൽ എ.ഐ, മെഷീൻ ലേണിങ്, പ്രവചന വിശകലനം, ഓട്ടോമേറ്റഡ് ഡിസിഷൻ സപ്പോർട്ട് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചിട്ടുണ്ടോയെന്നും അയ്യൂബ് ചോദിച്ചു.

എന്നാൽ, ആവശ്യപ്പെട്ട വിശദീകരണം വിവരാവകാശ നിയമത്തിലെ രണ്ടാം വകുപ്പ്, ഉപവകുപ്പ് 2(f) പ്രകാരം നിർവചിച്ചിട്ടുള്ള 'വിവരങ്ങളുടെ' പരിധിയിൽ വരുന്നതല്ലെന്നായിരുന്നു കമീഷന്റെ മറുപടി. സോഫ്റ്റ്‌വെയറിന്റെയും അൽഗോരിതത്തിന്റെയും വിവരങ്ങൾ ഇത്തരം അപേക്ഷകളിൽ സാധാരണയായി വെളിപ്പെടുത്താറില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥനും പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും മുമ്പ് വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകുമ്പോൾ ഇ.വി.എമ്മുകളുടെ സോഴ്സ് കോഡുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - EC refuses to give details of SIR software, cites ‘trade secrets, IPR'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.