ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കേസിലെ പ്രതിയായ പെൺകുട്ടിയുടെ പിതാവ് ദീപക് യാദവിനെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഗൗരവകരമായ കേസാണിതെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.
രാധിക ടെന്നീസ് അക്കാദമി നടത്തുന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാർ പറയുന്നത്. മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. ദുരഭിമാന കൊലയാണോ നടന്നത് എന്നത് സംബന്ധിച്ചും വിശദമായ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം നടക്കുമ്പോൾ ഇവരുടെ മാതാവും വീട്ടിലുണ്ടായിരുന്നു. കൊലപാതകം നടക്കുമ്പോൾ മാതാവ് ഒന്നാംനിലയിലുണ്ടായിരുന്നുവെന്ന് അമ്മാവൻ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവിന്റെ പങ്കും അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യലിൽ ദീപക് യാദവ് കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വലിയ ഭൂസ്വത്തിന്റെ ഉടമയാണ് ദീപക് യാദവെന്നും ഇയാൾക്ക് ഒരു മാസം വാടകയിനത്തിൽ 17 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. രാധികയുടെ ഒരു ഇൻസ്റ്റഗ്രാം വിഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
വ്യാഴാഴ്ച രാവിലെ 11.30ഓടെ ഗുരുഗ്രാമിലെ സെക്ടർ 57നിലാണ് രാധിക യാദവ് കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ രാധികയുടെ പിതാവ് ദീപക് യാദവാണ് കേസിലെ പ്രതിയെന്ന് കണ്ടെത്തിയിരുന്നു.
ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ ഡബിൾസ് റാങ്കിങ്ങിൽ 113ാം റാങ്കുള്ള താരമാണ് രാധിക. 2000 മാർച്ച് 23ന് ജനിച്ച രാധിക സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.