ലഖ്നോ: പ്രയാഗ് രാജിലെ മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 15ലേറെ ആളുകളുടെ ജീവൻ നഷ്ടമായിരിക്കുകയാണ്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കുമുണ്ട്. പരിക്കേറ്റവരെ മേള ഗ്രൗണ്ടിനുള്ളിലെ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത തിരക്കാണ് അനുഭവപ്പെട്ടതെന്നും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഒരു സംവിധാനവും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികളിലൊരാളായ വിനയ് കുമാർ യാദവ് പറയുന്നു. ത്രിവേണി സംഗമത്തിന് ശേഷം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പൊലീസ് ഇടപെടലുണ്ടായില്ലെന്നും വിനയ് കുമാർ പറഞ്ഞു. ഒരു കൂട്ടം ആളുകൾ സ്നാനം നടത്തി തിരിച്ചുവരുമ്പോൾ, അതിലേറെ ആളുകൾ അങ്ങോട്ടേക്കുള്ള യാത്രയിലായിരുന്നു. വലിയ തിരക്കായിരുന്നു അവിടെ. ത്രിവേണി സംഗമത്തിലേക്ക് പോകുന്നവർക്കും വരുന്നവർക്കും ഒരു വഴിതന്നെയാണ് ഉണ്ടായിരുന്നത്. ഇത് തിരക്ക് വർധിപ്പിച്ചു. തള്ളിക്കൊണ്ടാണ് ആളുകൾ മുന്നോട്ട് പോയത്.-യാദവ് കൂട്ടിച്ചേർത്തു.
ഗേറ്റ് തുറന്നതോടെ ജനക്കൂട്ടം തള്ളിക്കയറാൻ തുടങ്ങി. അങ്ങനെയാണ് ദുരന്തമുണ്ടായതെന്ന് മറ്റൊരാൾ പറഞ്ഞു. രക്ഷപ്പെട്ട് മാറിനിൽക്കാൻ പോലും ഇടമുണ്ടായിരുന്നില്ലെന്ന് മറ്റൊരാൾ വിവരിച്ചു. അനായാസേന നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് ആളുകൾ തിക്കിത്തിരക്കിയത്. മാറിനിൽക്കാൻ പോലും ഇടമുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നേ ഉണ്ടായിരുന്നില്ല. 60 ആളുകളുമായി രണ്ടു ബസുകളിലായാണ് ഞങ്ങൾ കുംഭമേളക്കെത്തിയത്. ഒരു സംഘത്തിൽ ഒമ്പതു പേരെ വെച്ച് ഞങ്ങൾ നടന്നുതുടങ്ങി. പെട്ടെന്നാണ് തിരക്കു കൂടിയത്.തിരക്കിൽ പെട്ട് ആളുകൾ നിലത്തേക്ക് വീഴുന്നത് കണ്ടു. അവരുടെ മുകളിലൂടെയാണ് മറ്റുള്ളവർ ചവിട്ടിക്കയറിയത്.-ബിഹാറിൽ നിന്നുള്ള സ്ത്രീ പറഞ്ഞു.
മൗനി അമാവാസിയിൽ 10 കോടിയോളം ഭക്തർ എത്തിയെന്നാണ് കണക്കുക്കൂട്ടൽ. മഹാകുംഭമേളയിൽ ഇതിനകം 15 കോടിയിലധികം തീർത്ഥാടകർ സംഗമത്തിലും ഘാട്ടുകളിലും പുണ്യസ്നാനം നടത്തി. ചൊവ്വാഴ്ച മാത്രം, 4.8 കോടിയിലധികം ഭക്തർ സ്നാനം സ്വീകരിച്ചിട്ടുണ്ട്. മൗനി അമാവാസിയിലെ അമൃത സ്നാൻ മഹാ കുംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന 'ത്രിവേണി യോഗ്' എന്നറിയപ്പെടുന്ന ഒരു അപൂർവ ആകാശ വിന്യാസം കാരണം ഈ വർഷം ആത്മീയ പ്രാധാന്യമുണ്ട്.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്. കോടിക്കണക്കിന് രൂപയാണ് കുംഭമേളക്കായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.