ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകിയിരുന്ന അധിക സുരക്ഷ പിൻവലിക്കാൻ പഞ്ചാബ് പൊലീസ് തീരുമാനിച്ചു. ഡൽഹി പൊലീസ് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. പഞ്ചാബ് പൊലീസ് സുരക്ഷ നൽകുന്നതിനെതിരെ ഡൽഹി പൊലീസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
‘മുഖ്യമന്ത്രി ഭഗവന്ത് മാനിനും അരവിന്ദ് കെജ്‌രിവാളിനും നേരെയുള്ള ഭീഷണികളെക്കുറിച്ച് ഞങ്ങൾക്ക് ഇടക്കിടെ റിപ്പോർട്ട് ലഭിച്ചിരുന്നു. അവ ബന്ധപ്പെട്ട ഏജൻസികളുമായി പങ്കുവെക്കാറുണ്ട്. എന്നാൽ, ഇന്ന് ഡൽഹി പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും നിർദേശത്തെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പഞ്ചാബ് പൊലീസ് സംഘത്തെ ഞങ്ങൾ പിൻവലിച്ചു’ -പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് പട്യാലയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഞങ്ങളുടെ ആശങ്ക അവരോട് പങ്കുവെച്ചിട്ടുണ്ട്. അവരുമായി നിരന്തരം സമ്പർക്കം പുലർത്തും. ലഭിക്കുന്ന വിവരങ്ങൾ ഡൽഹി പൊലീസുമായി പങ്കിടും’ -അദ്ദേഹം പറഞ്ഞു.
പൈലറ്റ്, എസ്‌കോർട്ട് ടീമുകൾ, ക്ലോസ് പ്രൊട്ടക്ഷൻ സ്റ്റാഫ്, സെർച്ച് ആൻഡ് ഫ്രിസ്‌ക് യൂണിറ്റുകൾ എന്നിവയുൾപ്പെടെ 63 ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന സംരക്ഷണമാണ് ഇസഡ് പ്ലസ് വിഭാഗത്തിലുള്ള കെജ്‌രിവാളിനുള്ളത്. കൂടാതെ, അദ്ദേഹത്തിന്റെ സംരക്ഷണത്തിനായി കേന്ദ്ര സായുധ പൊലീസ് സേനയിൽ 15 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം, അരവിന്ദ് കെജ്‌രിവാളിനെതിരെ ഖാലിസ്ഥാൻ അനുകൂല സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘ദൈവം എന്നെ രക്ഷിക്കും, വിധിയുള്ള കാലത്തോളം ജീവിക്കും’ എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. ജനുവരി 18 ന് ന്യൂഡൽഹി മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ ആം ആദ്മി പാർട്ടി ബിജെപിയെ കുറ്റപ്പെടുത്തി. കെജ്‌രിവാളിന്റെ കാർ രണ്ട് ബിജെപി പ്രവർത്തകരെ ഇടിച്ചെന്ന് ബിജെപിയും ആരോപിച്ചു.
കെജ്‌രിവാളിന്റെ ജീവന് ഭീഷണിയുള്ളതിനാൽ സുരക്ഷ ക്രമീകരണങ്ങൾ അവലോകനം ചെയ്യുമെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ കെജ്‌രിവാൾ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി സീറ്റിൽ മത്സരിക്കും. 2013 മുതൽ അദ്ദേഹം വിജയിക്കുന്ന സീറ്റിൽ ബി.ജെ.പിയുടെ പർവേഷ് വർമയും കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതുമാണ് എതിരാളികൾ. 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.