ചണ്ഡീഗഢ്: വരാനിരിക്കുന്ന 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട പഞ്ചാബ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വൻ വിജയം. ആകെ വോട്ടെടുപ്പ് നടന്ന 1977 മുനിസിപ്പൽ വാർഡുകളിൽ 958 എണ്ണത്തിലും വിജയിച്ച് എ.എ.പി തങ്ങളുടെ മേധാവിത്വം നിലനിർത്തി. അതേസമയം, കോൺഗ്രസ് കപൂർത്തല കോർപ്പറേഷനിലും ബി.ജെ.പി അബഹോർ കോർപ്പറേഷനിലും അധികാരം പിടിച്ചെടുത്ത് കരുത്തറിയിച്ചു. പത്താൻകോട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും ബി.ജെ.പിക്ക് സാധിച്ചു.
അടുത്തിടെ രാജ്യസഭാ എം.പി രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് എ.എ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഈ ആഭ്യന്തര പ്രതിസന്ധികൾക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവരിച്ച ഉജ്ജ്വല വിജയം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് വലിയ രാഷ്ട്രീയ ഊർജ്ജമാണ് പകരുന്നത്.
മേയ് 26-ന് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന വോട്ടെടുപ്പിൽ 63.94 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 8 മുനിസിപ്പൽ കോർപ്പറേഷനുകളിൽ അഞ്ചെണ്ണവും എ.എ.പി സ്വന്തമാക്കി. ആകെ 1977 വാർഡുകളിൽ എ.എ.പി 958 ൽ വിജയിച്ചു. കോൺഗ്രസ് 397 ലും ബി.ജെ.പി 172 ലും തെരഞ്ഞെടുക്കപ്പെട്ടു. 75 മുനിസിപ്പൽ കൗൺസിലുകളിൽ എ.എ.പി 40 കൗൺസിലുകളിൽ ഭൂരിപക്ഷം നേടി ഒന്നാമതെത്തി. കോൺഗ്രസ് 18 ഇടത്തും, അകാലിദൾ 10 ഇടത്തും, ബി.ജെ.പി 4 ഇടത്തും വിജയിച്ചു. മറ്റുള്ളവർ 3 കൗൺസിലുകൾ നേടി. 20 മുനിസിപ്പൽ കമ്മിറ്റികളിൽ എ.എ.പി 11 മുനിസിപ്പൽ കമ്മിറ്റികൾ പിടിച്ചെടുത്തപ്പോൾ കോൺഗ്രസ് 5 ഉം അകാലിദൾ 2, ബി.ജെ.പി 1 എന്നിങ്ങനെ നേടി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എ.എ.പി സർക്കാരിനുള്ള ജനപിന്തുണയുടെ തെളിവാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. കഴിഞ്ഞ നാലര വർഷത്തെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്നതിന്റെ സൂചനയാണ് ഈ ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എ.എ.പി നേതാക്കളെ വേട്ടയാടുന്ന ബി.ജെ.പിയെ ഇ.ഡി പാർട്ടി എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഇത്തരം ഭീഷണികൾ പഞ്ചാബിലെ ജനങ്ങൾ വകവെച്ചു കൊടുക്കില്ലെന്നും പരിഹസിച്ചു.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലേക്ക് നേരിട്ട് വഴിതുറക്കുമെന്ന് കരുതാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 2021-ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടിയിരുന്നെങ്കിലും 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുകയാണുണ്ടായത്. അതുപോലെ 2015-ൽ അകാലിദൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തിളങ്ങിയെങ്കിലും 2017-ൽ അധികാരം നഷ്ടമായി.
അതേസമയം, ഭരണകക്ഷി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എ.എ.പി സർക്കാർ അടിച്ചമർത്തൽ രാഷ്ട്രീയം പ്രയോഗിച്ചിട്ടും ജനങ്ങൾ അകാലിദളിനെ പിന്തുണച്ചതായി എസ്.എ.ഡി നേതാവ് ബിക്രം സിംഗ് മജിതിയ പറഞ്ഞു. എ.എ.പി 19-ൽ 17 വാർഡുകളും നേടിയ ഗിഡ്ഡർബാഹ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി കോൺഗ്രസും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.