‘ഡ്രോൺ വേണ്ട, വൈക്കോലിന് പരിഹാരം വേണം’; പഞ്ചാബിൽ കർഷക സമരം ശക്തം
സംഗ്രൂർ: വൈക്കോൽ കത്തിക്കുന്നത് കണ്ടെത്താൻ ഡ്രോൺ ഉപയോഗിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ നീക്കത്തിനെതിരെ സംഗ്രൂരിൽ കർഷകർ പ്രതിഷേധം. ഭാരതീയ കിസാൻ യൂണിയൻ ഏക്ത ഉഗ്രഹാന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിലാണ് സമരം. 13 ആവശ്യങ്ങൾ ഉന്നയിച്ച് ഓഫീസിന്റെ മൂന്ന് ഗേറ്റുകളും കർഷകർ ഉപരോധിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് സമരത്തിനെത്തിയത്. ഉദ്യോഗസ്ഥരെ അകത്തേക്ക് കടക്കാൻ പോലും അനുവദിക്കാതെ ചൊവ്വാഴ്ച തുടങ്ങിയ സമരം ബുധനാഴ്ചയും തുടരുകയാണ്. ചൊവ്വാഴ്ച രാത്രി പത്ത് മണി വരെ ഡെപ്യൂട്ടി കമ്മീഷണർ പൂനംദീപ് കൗറിന്റെ വീടിന് മുന്നിലും പ്രതിഷേധിച്ച ശേഷമാണ് കർഷകർ കോലം കത്തിച്ചത്.
കൃഷി എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഈ വൈക്കോൽ എന്തുചെയ്യണമെന്നതിന് സർക്കാർ ഒരു വഴിയും കാണിക്കുന്നില്ലല്ലോ എന്നാണ് ബികെയു സംസ്ഥാന പ്രസിഡന്റ് ജോഗീന്ദർ സിംഗ് ഉഗ്രഹാന്റെ ചോദ്യം. കർഷകരെ നിരീക്ഷിക്കാൻ ഡ്രോൺ പറത്തുന്നതിന് പകരം വൈക്കോൽ സംസ്കരിക്കാൻ കൃത്യമായ പദ്ധതി കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കടക്കെണിയും കർഷകവിരുദ്ധ നയങ്ങളും കൃഷിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരത്തിനെത്തിയ വനിതാ കർഷകരും സർക്കാരിനെതിരെ രംഗത്തെത്തി. 2027ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്ത്രീകൾക്ക് ആയിരം രൂപ കൊടുക്കാം എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. തങ്ങൾക്ക് വേണ്ടത് പണമല്ല മറിച്ച് അവകാശങ്ങളും പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് എന്നും അവർ കൂട്ടിച്ചേർത്തു. ഗ്രാമങ്ങളിൽ ലഹരി ഉപയോഗം കൂടുകയാണെന്നും ലഹരിക്ക് അടിമപ്പെട്ട് നിരവധി വീടുകളിലെ മക്കൾ നഷ്ടമാകുന്നുവെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇതിന് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു. സമരപ്പന്തലിൽ വന്ന് ഞങ്ങളുടെ പ്രശ്നം കേൾക്കാൻ പോലും ഡെപ്യൂട്ടി കമ്മീഷണർ തയ്യാറാകുന്നില്ലെന്നും അവർ വിമർശിച്ചു.
സർക്കാർ വ്യക്തമായ ഉറപ്പ് നൽകുംവരെ സമരം തുടരാനാണ് തീരുമാനം. ചർച്ചക്ക് സർക്കാർ കത്ത് നൽകിയിട്ടുണ്ടെന്നും ധനമന്ത്രി ഹർപാൽ സിംഗ് ചീമയും മന്ത്രിമാരായ അമൻ അറോറയും ഗുർമീത് സിംഗ് ഖുദ്ദിയാനും ചർച്ചയിൽ പങ്കെടുക്കുമെന്നും ഉഗ്രഹാൻ പറഞ്ഞു. ഒക്ടോബർ 11നോ 13നോ പഞ്ചാബ് ഭവനിലാണ് ചർച്ച നടക്കുക. എന്നാൽ തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.