ചണ്ഡിഗഢ്: പഞ്ചാബിൽ 35കാരന്റെ കൊലപാതകത്തിൽ പിതാവായ മുൻ ഡി.ജി.പിയും മുൻ മന്ത്രിയായ ഭാര്യയും പ്രതികൾ. ഹരിയാനയിലെ പഞ്ച്കുളയിൽ ആഖിൽ അക്തർ കൊല്ലപ്പെട്ട കേസിലാണ് പഞ്ചാബ് മുൻ ഡി.ജി.പി മുഹമ്മദ് മുസ്തഫയെയും ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താനയെയും പൊലീസ് പ്രതിചേർത്തത്.
അക്തറിന്‍റെ സഹോദരി സുൽത്താനയെയും ഭാര്യയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് അക്തറിന്റെ മൃതദേഹം പഞ്ച്കുളയിലെ വീട്ടിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകിയിരുന്നു. എന്നാൽ, പിന്നീട് അക്തറിന്റെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് അന്വേഷണം ആരംഭിച്ചത്. തനിക്ക് കുടുംബവുമായി പ്രശ്നങ്ങളുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ആഗസ്റ്റ് 27ന് പോസ്റ്റ് ചെയ്ത വിഡിയോയിൽ അക്തർ പറഞ്ഞിരുന്നു. ഇതിനിടെ, ഷംസുദ്ദീൻ എന്നയാൾ പൊലീസിൽ പരാതി നൽകിയതതോടെയാണ് കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
1985 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുസ്തഫ. മുൻ കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്നു റസിയ സുൽത്താന. പഞ്ച്കുളയിലെ മാൻസ ദേവി കോപ്ലക്സിലെ വീട്ടിലാണ് പഞ്ചാബ്-ഹരിയാന ഹൈകോടതി അഭിഭാഷകനായ അക്തറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെയാണ് അക്തറിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ലഹരി അമിതമായി ഉപയോഗിച്ചതാണ് മകന്‍റെ മരണത്തിന് ഇടയാക്കിയതെന്നും പൊലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മുഹമ്മദ് മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.