‘ഇന്ത്യക്കൊപ്പം നിന്നതിന് പലതവണ ആക്രമിക്കപ്പെട്ടു...; ഭീകര ബന്ധം നിഷേധിച്ച് ഫരീദാബാദിൽ അറസ്റ്റിലായ പുൽവാമ ഡോക്ടറുടെ കുടുംബം

ശ്രീനഗർ: ഹരിയാനയിലെ ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായിക്ക് ഭീകര ബന്ധങ്ങളൊന്നുമില്ലെന്ന് പുൽവാമയിലുള്ള അദ്ദേഹത്തിന്‍റെ കുടുംബം. ഇന്ത്യൻ ദേശീയതക്കൊപ്പം നിലകൊണ്ടതിന് പലതവണ വീടിനുനേരെ കല്ലേറുണ്ടായിട്ടുണ്ടെന്നും മുസമ്മിലിന്‍റെ കുടുംബം പറയുന്നു. ഭീകര ബന്ധം ആരോപിച്ചാണ് കഴിഞ്ഞദിവസം ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലക്ക് കീഴിലുള്ള ആശുപത്രിയിൽ പ്രവർത്തിക്കുന്ന മുസമ്മിൽ ഉൾപ്പെടെയുള്ള ഡോക്ടർമാരെ ജമ്മു-കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് സ്ഫോടകവസ്തുക്കളും എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ‘മുസമ്മിൽ വലിയ ഭീകരവാദിയാണെന്നാണ് ആരോപണം. അതിനെ കുറിച്ച് ഞങ്ങൾക്ക് അറിവൊന്നുമില്ല. അഞ്ച് പതിറ്റാണ്ടായി ഞങ്ങളുടെ കുടുംബത്തിലെ ആർക്കെതിരെയും ഒരു കേസ് പോലുമില്ല’ -മുസമ്മലിന്റെ സഹോദരൻ ആസാദ് ഷക്കീൽ പുൽവാമയിലെ വീട്ടിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. കർഷക കുടുംബമായ തങ്ങൾ ദേശീയതക്കൊപ്പം നിന്നതിന് മുമ്പ് പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങൾ പൂർണമായും ഇന്ത്യക്കാരാണ്. അതിന്‍റെ പേരിൽ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമത്തിലെ ആരോടു വേണമെങ്കിലും ഇതിനെ കുറിച്ച് നിങ്ങൾക്ക് ചോദിക്കാം’ -ആസാദ് വ്യക്തമാക്കി. മുസമ്മിൽ നല്ലൊരു വ്യക്തിയാണെന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആസാദ് പ്രതികരിച്ചത്. മുസമ്മലിന് ഭീകര ബന്ധമുണ്ടെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുവരെ അദ്ദേഹത്തെ കാണാനോ, ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിശ്ചയിച്ചിരുന്ന സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മുസ്സമ്മിൽ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഇതോടെ വിവാഹം ചടങ്ങുകൾ റദ്ദാക്കി. പിതാവിന്‍റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഇതിനു മുമ്പ് മുസ്സമ്മിൽ വീട്ടിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫരിദാബാദിലെ ശൃംഖലക്ക് ഡൽഹി ചെങ്കോട്ടക്കു സമീപം നടന്ന സ്ഫോനടവുമായി ബന്ധമുണ്ടെന്നും മുസമ്മിലിന്റെ വാടക വീട്ടിൽനിന്ന് 350 കിലോ ഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തെന്നുമാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായവർ കശ്മീരിലെ ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്നും ഇവർ വഴി മറ്റു സംസ്ഥാനങ്ങളിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

അതേസമയം, സ്ഫോടനത്തിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറാൻ കേന്ദ്രം തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ചേർന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. രാവിലെ 11 മണിയോടെ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഐ.ബി ഡയറക്ടർ, ഡൽഹി പോലീസ് കമ്മീഷണർ, എൻ.ഐ.എ ഡിജി, ജമ്മു കശ്മീർ ഡി.ജി.പി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Pulwama Doc Family Denies Terror Links After Arrest In Faridabad Explosives Seizure Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.