രാജി പ്രഖ്യാപിക്കുന്നതിന് മുമ്പേ ചന്ദിര പ്രിയങ്കയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമീപിച്ചിരുന്നുവെന്ന് ഗവർണർ

പുതുച്ചേരി: രാജി പ്രഖ്യാപിക്കുന്നതിന് മുമ്പേ മന്ത്രി ചന്ദിര പ്രിയങ്കയുടെ പ്രവർത്തനത്തിൽ അതൃപ്തനാണെന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രി എൻ. രംഗസാമി ആവശ്യപ്പെട്ടിരുന്നതായി ഗവർണർ തമിഴിസൈ സൗന്ദരരാജൻ. രാജി പ്രഖ്യാപിച്ചത് കൊണ്ടല്ല മറിച്ച് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിരുന്നതിനാൽ ഇനി പ്രിയങ്ക മന്ത്രിസഭയുടെ ഭാഗമായിരിക്കില്ലെന്നും അവർ വ്യക്തമാക്കി.

"ആറ് മാസങ്ങൾക്ക് മുമ്പ് ചന്ദിര പ്രിയങ്കയുടെ പ്രവർത്തനങ്ങളിലെ അതൃപ്തി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് മന്ത്രിസഭയിലെ ഏക വനിത അംഗമായതിനാൽ അവരെ പുറത്താക്കേണ്ടതില്ല എന്നായിരുന്നു എന്‍റെ നിലപാട്. എന്നാൽ മുഖ്യമന്ത്രി വീണ്ടും എന്നെ കാണുകയും ഇവരെ പുറത്താക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയും ചെയ്തിരുന്നു" - ഗവർണർ പറഞ്ഞു.

മന്ത്രിസഭയിൽ ഒരിക്കലും അവർ വിവേചനം നേരിട്ടതായി അറിയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. അവർ മന്ത്രിസഭയിലെ ഏക വനിതയാണ്. എന്തെങ്കിലും വിവേചനം നേരിട്ടിരുന്നുവെങ്കിൽ അതേകേകുറിച്ച് എന്നോട് സംസാരിക്കാമായിരുന്നു. ഒരു സ്ത്രീയെന്ന നിലക്ക് അവരെ തീർച്ചയായും കേൾക്കുമായിരുന്നുവെന്നും ഗവർണർ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പുതുച്ചേരിയിൽ ദലിത് വിഭാഗക്കാരിയും ഏക വനിത മന്ത്രിയുമായ ചന്ദിര പ്രിയങ്ക മന്ത്രിസ്ഥാനം രാജിവെക്കുന്നത്. ബി.ജെ.പി-എ.ഐ.എൻ.ആർ.സി മന്ത്രിസഭയിലെ ഏക വനിതാ അംഗമായരുന്നു. 40 വർഷത്തിന് ശേഷം 2021ലാണ് പുതുച്ചേരിയിൽ ഒരു വനിതാ മന്ത്രി സ്ഥാനമേൽക്കുന്നത്. പുതുച്ചേരിയിലെ കാരയ്ക്കലിൽ പട്ടികജാതി വിഭാഗത്തിന്റെ സംവരണ മണ്ഡലമായ നെടുങ്കാടിൽ നിന്നാണ് പ്രിയങ്ക തെരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ് താൻ നിയമസഭയിലെത്തിയതെങ്കിലും ഗൂഢാലോചനയുടെ രാഷ്ട്രീയത്തെ മറികടക്കുക എളുപ്പമല്ല എന്നായിരുന്നു രാജിക്കത്ത് പങ്കുവെച്ച് കൊണ്ട് മന്ത്രി എക്സിൽ കുറിച്ചത്.

Tags:    
News Summary - Puducherry CM sought minister’s removal even before her resignation: Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.