കൂടുതൽ കരുത്തോടെ സമരം തുടരാൻ കർഷകർ; മാർച്ച് 10ന് രാജ്യവ്യാപക റെയിൽ തടയൽ

ന്യൂഡൽഹി: കർഷക സമരം പൂർവാധികം ശക്തിയോടെ പുന:രാരംഭിക്കാൻ കർഷക സംഘടനകൾ. മാർച്ച് ആറിന് സമരം തുടരും. കൂടുതൽ കർഷക സംഘടനകൾ സമരത്തിന്‍റെ ഭാഗമാകും. പഞ്ചാബിനും ഹരിയാനക്കും പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും രാജ്യതലസ്ഥാനം ലക്ഷ്യമാക്കി 'ഡൽഹി ചലോ' മാർച്ച് സംഘടിപ്പിക്കും. മാർച്ച് 10ന് രാജ്യവ്യാപകമായി റെയിൽ തടയൽ സമരവും നടത്തും.

കർഷക സമരത്തിനിടെ കണ്ണീർവാതക ഷെൽ തലയിൽ പതിച്ച് കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിങ്ങിനായുള്ള പ്രാർഥനാ യോഗത്തിന് ശേഷം കിസാൻ മസ്ദൂർ മോർച്ച നേതാവ് സര്‍വാന്‍ സിങ് പാന്ഥറാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ശംഭു, ഖനൗരി അതിർത്തികൾ കൂടാതെ, ബട്ടിൻഡ, ദബ്വാലി അതിർത്തിയിലും സമരം ശക്തമാക്കും. ഇവിടേക്ക് കൂടുതൽ കർഷകർ എത്തും. ഹരിയാന പൊലീസിന്റെ ഭാഗത്തുനിന്നും അടിച്ചമർത്തൽ ഉണ്ടായില്ലെങ്കിൽ സമാധാനപരമായ രീതിയിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തും.

വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 13ന് പഞ്ചാബിൽനിന്നും ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്. സമരക്കാരെ ഹരിയാന പൊലീസ് ക്രൂരമായി നേരിട്ടിരുന്നു. കേന്ദ്ര സർക്കാറുമായി നിരവധി ചർച്ചകൾ നടന്നെങ്കിലും ധാരണയിലെത്താനായിട്ടില്ല. കർഷകരെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ അനുവദിക്കാതെ ഹരിയാന പൊലീസ് അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്. 

സമരം ചെയ്യുന്ന കർഷകരുടെ 10 ആവശ്യങ്ങൾ

  • ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
  • കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
  • 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
  • ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.
  • സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻവാങ്ങുക.
  • കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക.
  • മുൻവർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക; കുടുംബത്തിലൊരാൾക്ക് ജോലി കൊടുക്കുക.
  • 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക
  • തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക.
  • വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.
Tags:    
News Summary - Protesting farmers to proceed to Delhi on Wednesday;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.