ബംഗാൾ ആരോഗ്യ വകുപ്പിെന്റ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വാസ്ത്യ ഭവനിലേക്ക് ജൂനിയർ ഡോക്ടർമാർ നടത്തിയ മാർച്ച്
ബംഗാളിൽ 51 ഡോക്ടർമാർക്ക് കാരണംകാണിക്കൽ നോട്ടീസ്; സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ
കൊൽക്കത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കൽ കോളജിലെ 51 ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ബുധനാഴ്ച അന്വേഷണ കമീഷൻ മുമ്പാകെ ഹാജരാകണമെന്നും മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.ജി കർ ഹോസ്പിറ്റൽ സ്പെഷൽ കൗൺസിൽ കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് നോട്ടീസ്. ഭീഷണിപ്പെടുത്തൽ, സ്ഥാപനത്തിെന്റ ജനാധിപത്യ അന്തരീക്ഷം തകർക്കൽ എന്നിവയാണ് ഡോക്ടർമാർക്കെതിരായ കുറ്റം. ആശുപത്രിയിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സീനിയർ റസിഡന്റുമാർ, ഇന്റേണുകൾ, പ്രഫസർമാർ എന്നിവർ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.
അതേസമയം, ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം ജോലിയിൽ തിരികെ പ്രവേശിക്കാൻ സുപ്രീംകോടതി നിർദേശിച്ചെങ്കിലും സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും രാജിവെക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ജൂനിയർ ഡോക്ടർമാരുടെ നിലപാട്. ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചാൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്.
അതിനിടെ, പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിെന്റ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വാസ്ത്യ ഭവനിലേക്ക് ജൂനിയർ ഡോക്ടർമാർ മാർച്ച് നടത്തി. ചൂലുകളുമേന്തി നടത്തിയ മാർച്ചിൽ നൂറുകണക്കിന് ഡോക്ടർമാർ പങ്കെടുത്തു.
ചർച്ചക്കുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ക്ഷണം സമരത്തിലുള്ള ഡോക്ടർമാർ തള്ളി. പത്ത് പേരിൽ കൂടാത്ത ഡോക്ടർമാരുടെ പ്രതിനിധി സംഘവുമായി സെക്രട്ടേറിയറ്റിൽവെച്ച് സർക്കാർ പ്രതിനിധികൾ ചർച്ച നടത്തുമെന്നാണ് ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ, സന്ദേശത്തിലെ ഭാഷ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ഡോക്ടർമാർ ക്ഷണം നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.