ജന്തർ മന്തറിലെ പ്രതിഷേധം: ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കി
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്റോച് ജനതാ പാർട്ടി (സി.ജെ.പി) നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കുള്ള 250 ലധികം ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജന്തർ മന്തറിൽ പ്രതിഷേധക്കാർ എത്തുന്നത് തടയാനും രാജ്യതലസ്ഥാനത്തെ സുരക്ഷ ഉറപ്പിക്കാനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണിത്.
ഒക്ടോബർ 9-ന് ഉച്ചക്ക് 2 മണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന സർവിസുകളും ഒക്ടോബർ 10-ന് പുലർച്ചെ നാലു മണിക്കും ഉച്ചക്ക് 2 മണിക്കും ഇടയിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന ട്രെയിനുകളുമാണ് റദ്ദാക്കിയത്. ഈ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിനുകളടക്കം റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. റെയിൽവേയുടെ ഈ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര തിരിക്കാനിരുന്ന നിരവധി പേരാണ് ഈ നീക്കം ദുരിതത്തിലായത്.
അതേസമയം, സി.ജെ.പി പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ട്രെയിൻ റദ്ദാക്കലും യാത്രക്കാരെ വലക്കുന്നു. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കുള്ള അവസാന നിമിഷ വിമാന ബുക്കിങിൽ നേരിയ വർധനവുണ്ടായതോടെ ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ഈ വാരാന്ത്യത്തേക്കുള്ള ബുക്കിങിൽ നേരിയ വർധനവുണ്ടെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഉത്സവ സീസണിന് മുന്നോടിയായി വാരാന്ത്യ വിമാനങ്ങൾ നേരത്തെ നിറഞ്ഞിരുന്നതിനാൽ ട്രെയിൻ യാത്രക്കാർ വിമാനത്തിലേക്ക് മാറുന്നുണ്ടോയെന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല. തിങ്കളാഴ്ച നവരാത്രി ആരംഭിക്കുന്നതോടെ ഉത്സവ സീസൺ തുടങ്ങാനിരിക്കെ പ്രതിഷേധം നീണ്ടാൽ ആവശ്യക്കാർ കൂടുമെന്നാണ് വിലയിരുത്തൽ.
ഓൺലൈൻ ട്രാവൽ ഏജൻസികളുടെ കണക്കനുസരിച്ച് ലഖ്‌നൗ, പ്രയാഗ്‌രാജ് നഗരങ്ങളിൽ നിന്ന് വെള്ളിയാഴ്ച രാത്രി വരെ സ്പോട്ട് നിരക്കിൽ വലിയ കുതിപ്പുണ്ടായിരുന്നില്ല. എന്നാൽ, വാരണാസി-ഡൽഹി റൂട്ടിൽ ശനിയാഴ്ചത്തേക്കുള്ള നിരക്ക് ഒരു മാസം മുൻപത്തേതിനേക്കാൾ 15 ശതമാനം കൂടി. 6,200 മുതൽ 14,000 രൂപ വരെയാണ് ഇപ്പോഴത്തെ വൺവേ നിരക്ക്. പഞ്ചാബിൽ നിന്നുള്ള നിരക്കാണ് ഏറെ ഉയർന്നത്. അമൃത്സറിൽ നിന്ന് ഡൽഹിയിലേക്ക് സാധാരണ 4,000 രൂപയുള്ള വൺവേ ടിക്കറ്റിന് വെള്ളിയാഴ്ച 8,000 രൂപ വരെ നൽകേണ്ടി വന്നതായാണ് കണക്ക്. ലുധിയാനയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ശനിയാഴ്ച ദിവസം മുഴുവൻ മാറിക്കൊണ്ടിരുന്നു. 12,987 രൂപ വരെ ഉയർന്ന ശേഷം രാത്രി 8 മണിയോടെ 4,301 രൂപയായി താഴ്ന്നു.
വിദേശത്തേക്ക് കണക്ഷൻ വിമാനമുള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ട്രെയിൻ മുടങ്ങിയതോടെ കണക്ഷൻ നഷ്ടപ്പെടാതിരിക്കാൻ ഉയർന്ന നിരക്കിലും ടിക്കറ്റ് എടുക്കാൻ പലരും നിർബന്ധിതരായതായി റിപ്പോർട്ടുകളുണ്ട്. ചണ്ഡീഗഡിൽ നിന്നുള്ള നിരക്കിൽ വെള്ളിയാഴ്ച വൈകിട്ട് വരെ മാറ്റമില്ലായിരുന്നു. മെട്രോ സർവിസ് തടസ്സപ്പെടുമെന്ന ആശങ്കയും റോഡ് ഗതാഗത നിയന്ത്രണങ്ങളും മൂലം യാത്രക്കാർക്കും ജീവനക്കാർക്കും വിമാനത്താവളത്തിൽ സമയത്ത് എത്താൻ കഴിയുമോ എന്നതാണ് വിമാന കമ്പനികളെ ആശങ്കപ്പെടുത്തുന്നത്. ഇന്ധന വിലയും രൂപയുടെ ഇടിവും കാരണം നേരത്തെ തന്നെ ഉയർന്നു നിൽക്കുന്ന ടിക്കറ്റ് നിരക്ക് പ്രതിഷേധം നീണ്ടാൽ ഇനിയും കൂടുമെന്നാണ് ട്രാവൽ മേഖലയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.