അമിത് ഷാക്കെതിരെ രോഷം; എം.പിമാർക്കെതിരെ നടപടി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനകത്തേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പ്രതിപക്ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രോഷം പ്രകടിപ്പിച്ചപ്പോൾ പാർലമെന്റ് സുരക്ഷയുടെ ഉത്തരവാദിത്തം തനിക്കാണെന്നും കേന്ദ്ര സർക്കാറിന് ഒരു പങ്കുമില്ലെന്നും ലോക്സഭ സ്പീക്കർ ഓം ബിർള. അതിന് പിന്നാലെ അമിത് ഷായുടെ വിശദീകരണവും രാജിയും ആവശ്യപ്പെട്ട് പ്രതിഷേധിച്ച 14 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പാർലമെന്റിൽ മൂന്ന് ഏജൻസികൾ വഴിയുള്ള സുരക്ഷാ സന്നാഹത്തിൽ രണ്ടെണ്ണം ഡൽഹി പൊലീസും അർധസൈനിക വിഭാഗമായ സി.ആർ.പി.എഫുമാണ്. രണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. ഇത് കഴിഞ്ഞുള്ള മൂന്നാമത്തെ സുരക്ഷാ ഏജൻസിയാണ് പാർലമെന്റിന് അകത്തുള്ള പാർലമെന്റ് സെക്യൂരിറ്റി സ്റ്റാഫ് (പി.എസ്.എസ്). സ്പീക്കർക്ക് കീഴിലുള്ളതാണ് ഈ വിഭാഗം. ഇതിൽനിന്നുള്ള എട്ടു പേരെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തത്.

എന്നാൽ, പാർലമെന്റ് കവാടം വഴി കടക്കുന്നിടത്തും സഭക്കുള്ളിൽ ഗാലറിയിലും ഡൽഹി പൊലീസും സി.ആർ.പി.എഫിലെ പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പുമാണ് സുരക്ഷാ ഉറപ്പുവരുത്തേണ്ടത്. അവയുടെ നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിനായതുകൊണ്ടാണ് പ്രതിപക്ഷം അമിത് ഷായുടെ രാജിയും വിശദീകരണവും ആവശ്യപ്പെട്ടത്. സുരക്ഷക്രമീകരണങ്ങൾക്കുള്ള ഉത്തരവാദിത്തവും അധികാരവും ലോക്സഭ സെക്രട്ടേറിയറ്റിനാണെന്നും കേന്ദ്ര സർക്കാറിന് അതിൽ ഇടപെടാനാവില്ലെന്നും സ്പീക്കർ ഓം ബിർള അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ എം.പിമാരോടായി പറഞ്ഞു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ താൻ തയാറാണെന്നും പറഞ്ഞാണ് അടിയന്തര ചർച്ച അനുവദിക്കാതെ സ്പീക്കർ സഭാ നടപടികളിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷ എം.പിമാരിൽ ചിലർ നടുത്തളത്തിലിറങ്ങുന്നിടത്ത് കുത്തിയിരുന്നതാണ് ആദ്യത്തെ അഞ്ച് പേരുടെ സസ്പെൻഷന് വഴിവെച്ചത്. എന്നാൽ, ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അമിത് ഷാക്കെതിരെ പ്രതിഷേധിച്ചവരെയും രണ്ടാം പ്രാവശ്യം സസ്പെൻഡ് ചെയ്തു.

Tags:    
News Summary - Protest against Amit Shah; Action against MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.