ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകുന്നു. സണ്‍ ഗ്രൂപ് ഉടമ കലാനിധി മാരനെതിരെ സഹോദരനും ഡി.എം.കെ -എം.പിയുമായ ദയാനിധി മാരന് വക്കീല്‍ നോട്ടീസ് അയച്ചു. കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ദയാനിധിയുടെ ആരോപണം.
പിതാവ് മുരശൊലിമാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തെന്നും ഈ പണം ഉപയോഗിച്ചാണ് ഐ.പി.എല്ലിലെ ഹൈദരാബാദ് ടീം, സ്പൈസ് ജെറ്റ് വിമാനക്കമ്പനി എന്നിവ നേടിയതെന്നും നോട്ടീസിൽ പറയുന്നു. ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദയാനിധി ചൂണ്ടിക്കാട്ടുന്നു. സൺ ഗ്രൂപ്പിന്റെ ലൈസൻസുകൾ, ഐ.പി.എൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ്, സ്പൈസ് ജെറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവർത്തനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനെയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെയും സമീപിക്കുമെന്ന് ദയാനിധി മാരൻ അറിയിച്ചു.
2003 സെപ്റ്റംബര്‍ 15ന് സണ്‍ ടി.വിയിലെ 10 രൂപ മുഖവിലയുള്ള 12 ലക്ഷം ഓഹരികള്‍ കലാനിധി മാരന്റെയും ഭാര്യ കാവേരിയുടെയും പേരിലേക്ക് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടു. കമ്പനിയുടെ മറ്റ് ഓഹരി ഉടമകളുടെ കൂടിയാലോചനയോ അംഗീകാരമോ കൂടാതെയാണ് സൺ ടി.വിയുടെ 60 ശതമാനം ഓഹരികൾ കലാനിധിയുടെ പേരിലേക്ക് മാറ്റിയത്. പിതാവിന്റെ മരണശേഷം, നിയമപരമായ രേഖകളില്ലാതെ സ്വത്തുക്കൾ അമ്മ മല്ലിക മാരന്റെ പേരിലേക്ക് മാറ്റി.
മരണ സർട്ടിഫിക്കറ്റും അനന്തരാവകാശ സർട്ടിഫിക്കറ്റുകളും നൽകിയത് ഏതാനും മാസങ്ങൾക്ക് ശേഷമാണ്. എന്നാൽ, സ്വത്തുക്കൾ അതിനുമുമ്പ് കൈമാറ്റം ചെയ്യപ്പെട്ടിരുന്നതായാണ് നോട്ടീസിൽ ആരോപിക്കുന്നത്. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭാര്യ എം.കെ. ദയാളുഅമ്മാളുടെ ഓഹരികൾ കലാനിധി മാരൻ നിയമവിരുദ്ധമായി സ്വന്തമാക്കി.
2003ന് മുമ്പുള്ള ഓഹരി നില പുനഃസ്ഥാപിക്കുകയും അനര്‍ഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നല്‍കുകയും വേണം. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും ദയാനിധി മുന്നറിയിപ്പ് നൽകി. അതേസമയം ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമാണെന്ന് സൺ ടി.വി ഗ്രൂപ് അറിയിച്ചു. മുഴുവൻ ഇടപാടുകളും നിയമവിധേയമാണ് നടത്തിയതെന്നും ഇവർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.