നീണ്ടുനിൽക്കുന്ന സൈനിക സമ്മർദം കാൻസറിന് കാരണമാകും; സൈനികന്റെ കുടുംബത്തിന് കോടതി പെൻഷൻ അനുവദിച്ചു

ചണ്ഡീഗഡ്: അർബുദം ബാധിച്ച് മരിച്ച സൈനിക ഉദ്യോഗസ്ഥന് പ്രത്യേക കുടുംബ പെൻഷൻ നൽകുന്നതിനെതിരെ കേന്ദ്രം സമർപ്പിച്ച ഹരജി പഞ്ചാബ്, ഹരിയാന ഹൈകോടതി തള്ളി. സൈനിക സേവനത്തിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സമ്മർദം കാൻസറിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. പുകവലി മൂലമുണ്ടാകുന്ന അർബുദങ്ങൾ ഒഴികെ സൈനികർക്കിടയിലെ എല്ലാത്തരം അർബുദങ്ങളും സൈനിക സേവനവുമായി ബന്ധപ്പെട്ടതായി കണക്കാക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈകോടതി വിധിച്ചു. കുമാരി സലോചന വർമക്ക് പ്രത്യേക കുടുംബ പെൻഷൻ അനുവദിക്കണമെന്ന് നിർദേശിച്ച എ.എഫ്.ടി-ചണ്ഡീഗഢിന്റെ 2019ലെ വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസുമാരായ ഹർസിമ്രാൻ സിങ് സേത്തി, വികാസ് സൂരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്.

കേന്ദ്രത്തിന്റെ ഹരജി തള്ളിയ ബെഞ്ച് രോഗത്തിന് സൈനിക സേവനവുമായി ബന്ധമുണ്ടെന്നും, മരണപ്പെട്ട സൈനികന്റെ അമ്മയുടെ പ്രത്യേക കുടുംബ പെൻഷൻ അവകാശപ്പെടാനുള്ള അവകാശം മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ഇല്ലാതാക്കാൻ കഴിയില്ലെന്നും വിധിച്ചു. മകന്റെ മരണ തീയതി മുതൽ കുമാരി സലോചന വർമക്ക് പ്രത്യേക കുടുംബ പെൻഷൻ അനുവദിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. മരണപ്പെട്ട സൈനികന് 'റെട്രോപെരിറ്റോണിയൽ സാർക്കോമ' (Retroperitoneal Sarcoma) എന്നയിനം കാൻസറായിരുന്നു. ഇത് അപൂർവവും അപകടകാരിയുമായ അവസ്ഥയാണ്.

സൈനിക ഉദ്യോഗസ്ഥർ ദീർഘകാലമായി അനുഭവിക്കുന്ന നിരന്തരമായ സമ്മർദത്തിന്റെ ഫലമായി സാധാരണ കോശങ്ങൾ മാരകമായ ട്യൂമർ കോശങ്ങളായി മാറാമെന്ന് ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കി. സൈനിക സേവനത്തിൽ ചേരുന്ന സമയത്ത് ഉദ്യോഗസ്ഥൻ പൂർണമായും ആരോഗ്യവാനായിരുന്നു എന്നും കോടതി വ്യക്തമാക്കി. സൈനികൻ സർവീസിൽ ചേരുമ്പോൾ ആരോഗ്യവാനായിരിക്കുകയും പിന്നീട് രോഗം വരികയും ചെയ്താൽ അത് സൈനിക സേവനവുമായി ബന്ധമുള്ളതാണെന്നോ അല്ലെങ്കിൽ സേവനം കാരണം രോഗം വർധിച്ചതാണെന്നോ അനുമാനിക്കാം എന്നുള്ള സുപ്രീംകോടതിയുടെ മുൻ വിധി ഹൈകോടതി ഉദ്ധരിച്ചു.

2009 ജൂൺ 24ന് കാൻസർ ബാധിച്ച് സൈനികൻ മരിച്ചതിനെത്തുടർന്ന് ജസ്റ്റിസ് ഹർസിമ്രാൻ സിങ് സേത്തി, ജസ്റ്റിസ് വികാസ് സൂരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവുകൾ പുറപ്പെടുവിച്ചു. സൈനിക സേവനം മൂലം രോഗം ഉണ്ടാകുകയോ വഷളാവുകയോ ചെയ്യുന്നില്ല എന്ന് വാദിച്ചുകൊണ്ട് കേന്ദ്രം ഹൈകോടതിയിൽ ആർമ്ഡ് ഫോഴ്സ് ട്രിബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു. സൈനികൻ ആറ് വർഷം സേവനമനുഷ്ഠിച്ചിരുന്നതിനാൽ ദീർഘകാലമായുള്ള ഈ സമ്മർദമാണ് കാൻസറിന് കാരണമായതെന്ന് സുരക്ഷിതമായി പറയാൻ കഴിയും എന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Prolonged military stress can cause cancer; The court granted pension to the soldier's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.