ഫോൺവിളിച്ചത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണെന്ന് തിരിച്ചറിഞ്ഞില്ല; യു.പിയിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണം

അമേത്തി: ഫോൺവിളിച്ചത് കേന്ദ്രമന്ത്രിയാണെന്ന് തിരിച്ചറിയാത്തതിനെ തുടർന്ന് യു.പിയിൽ സർക്കാർ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ. മുസാഫിർഖാനയിലെ ഗവ. ക്ലർക്കായ ദീപക്കിനെതിരെയാണ് കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തി എന്ന് ചൂണ്ടിക്കാട്ടി അന്വേഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ച ദീപക്കിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനായി സ്മൃതി ഇറാനി ഇയാളെ ഫോൺ വിളിക്കുകയായിരുന്നു.

അധ്യാപകനായ തന്‍റെ പിതാവ് മരിച്ചതിനാൽ പെൻഷന് തന്‍റെ അമ്മയായ സാവിത്രി ദേവിക്ക് അഹർതയുണ്ടെന്നും എന്നാൽ ഇതിനായുള്ള രേഖകൾ ക്ലർക്കായ ദീപക്ക് പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിക്ക് പൂരെ പഹൽവാൻ സ്വദേശി കരുണേഷ് പരാതി നൽകിയിരുന്നു.

തുടർന്ന് ദീപക്കിനെ സ്മൃതി ഇറാനി ഫോൺ വിളിച്ചു. എന്നാൽ വിളിച്ചത് കേന്ദ്രമന്ത്രിയാണെന്ന് ഇയാൾ തിരിച്ചറിഞ്ഞില്ല. പിന്നീട് മന്ത്രിയുമായി ചീഫ് ഡെവലപ്മെന്‍റ് ഓഫിസർ ഫോണിൽ സംസാരിക്കുകയും ദീപക്കിനോട് ഓഫിസിലെത്തി തന്നെ കാണണമെന്ന് അദ്ദേഹം നിർദേശിക്കുകയുമായിരുന്നു.

കരുണേഷിന്‍റെ പരാതി അനുസരിച്ച് ദീപക്ക് കൃത്യനിർവഹണത്തിൽ അലംഭാവം കാണിച്ചതായും ചുമതലകൾ നിറവേറ്റിയിട്ടില്ലെന്നും മനസിലായതായി അമേത്തി ചീഫ് ഡെവലപ്മെന്‍റ് ഓഫിസർ അങ്കുർ ലാത്തർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ മുസാഫിർഖാന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Probe Against UP Official For Not Recognising Smriti Irani Over Phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.