തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് ഒന്നിലധികം കാമ്പസുകളോടെ അനുമതി നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ആക്ഷേപം. സ്വകാര്യ സർവകലാശാലകൾ സംബന്ധിച്ച 2003ലെ യു.ജി.സി റെഗുലേഷൻ പ്രകാരം ഏകീകൃത സ്വഭാവത്തിൽ മാത്രമേ സർവകലാശാല തുടങ്ങാനാകൂവെന്ന് വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ സർവകലാശാലകൾക്ക് ഒരു കാമ്പസ് മാത്രമേ പാടുള്ളൂവെന്നാണ് ഇതിന്റെ സൂചന.
സർവകലാശാല ആരംഭിച്ച് അഞ്ചുവർഷം കഴിഞ്ഞശേഷം മാത്രമേ സംസ്ഥാനത്തിനകത്തോ പുറത്തോ ഓഫ് കാമ്പസുകളോ സ്റ്റഡി സെന്ററുകളോ അനുവദിക്കാൻ പാടുള്ളൂ. ഇത് മറികടക്കാനാണ് മൾട്ടി കാമ്പസ് അനുവദിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്തതെന്നാണ് ആക്ഷേപം. മൾട്ടി കാമ്പസ് എന്നതിന് നിർവചനം ബില്ലിലില്ല.
മെഡിക്കൽ കോളജുകളും സ്വാശ്രയ എൻജിനീയറിങ്, ആട്സ് ആൻഡ് സയൻസ് കോളജുകളുമുള്ള ചില കോർപറേറ്റ് മാനേജ്മെന്റുകൾക്ക് നിലവിൽ വിവിധ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളെ സ്വകാര്യ സർവകലാശാലയിൽ കൊണ്ടുവരാനാണ് മൾട്ടികാമ്പസ് വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയത്.
2015ൽ സ്വകാര്യ സർവകലാശാല ആരംഭിക്കാൻ യു.ഡി.എഫ് സർക്കാർ തയാറാക്കിയ റിപ്പോർട്ടിൽ, സർവകലാശാല ഒരു കാമ്പസിൽതന്നെ ആയിരിക്കണമെന്നും നഗരപ്രദേശത്ത് 20 ഏക്കറും ഗ്രാമപ്രദേശത്ത് 30 ഏക്കറും വേണമെന്നും 50 കോടി രൂപ നിക്ഷേപിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
അതിനുപകരം സർക്കാർ അനുമതിയോടെ കൂടുതൽ കാമ്പസ് ആകാമെന്ന വ്യവസ്ഥയും മൾട്ടി കാമ്പസ് ആണെങ്കിൽ സർവകലാശാല ആസ്ഥാനത്തിന് പത്തേക്കർ ഭൂമി വേണമെന്നുമാണ് വ്യവസ്ഥ ചെയ്തത്. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി പാസാക്കുന്ന സ്വകാര്യ സർവകലാശാല നിയമം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.