ആരാധനാലയങ്ങളിൽ പ്രാർഥന അനുവദിക്കണം; കെജ് രിവാളിന് കത്തയച്ച് ജസ്റ്റിസ് കുര്യൻ ജോസഫ്

ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ആരാധനാലയങ്ങളിൽ പ്രാർഥന അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് അയച്ച കത്തിലാണ് ജസ്റ്റിസ് കുര്യൻ ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. മതപരമായ ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കാൻ ആളുകളെ അനുവദിക്കുന്നത് അവരിലെ സമ്മർദ്ദം ലഘൂകരിക്കാൻ മാത്രമേ സഹായിക്കൂ എന്നത് ഒരു വസ്തുതയാണ്. അത് അവർക്ക് ഉണർവ്, പ്രതീക്ഷ, ആന്തരിക ശക്തി, ആത്മവിശ്വാസം എന്നിവ പകരും. അതിനാൽ, പൊതു ആരാധനാലയങ്ങളിലെ സേവനങ്ങൾ നിരോധിക്കുന്നത് വിവേചനപരമാണെന്നും ആർട്ടിക്കിൾ 14, 19, 21, 25 പ്രകാരം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് കത്തിൽ വ്യക്തമാക്കുന്നു.

ഡൽഹിയിൽ കോവിഡ് മഹാമാരിയുടെ തീവ്രത ഗണ്യമായി കുറഞ്ഞുവെന്ന് അറിയുന്നത് വളരെ ആശ്വാസകരമാണ്. റെസ്റ്ററന്‍റുകൾ, ബാറുകൾ, തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ 50 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതിയുണ്ട്. പ്രതിവാര വിപണികളും സ്പാകളും അനുവദനീയമാണ്. ശവസംസ്കാരം, വിവാഹം തുടങ്ങിയ സേവനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം 100 ആയി ഉയർത്തിയിട്ടുണ്ട്. ഇവ സമൂഹം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെ സൂചിപ്പിക്കുന്ന നല്ല അടയാളങ്ങളാണ്.

ആരാധനാലയങ്ങൾ തുറക്കാൻ അനുവാദമുണ്ട്, എന്നാൽ സന്ദർശകരെ അനുവദിക്കില്ല എന്ന ഉത്തരവിലെ നിയന്ത്രണം ഇപ്പോഴും തുടരുന്നു. രണ്ടാം തരംഗത്തിന് മുമ്പുള്ള നിയന്ത്രണങ്ങൾക്ക് ഇതിനകം ഇളവ് നൽകുകയും പൊതു ആരാധനാലയങ്ങളിൽ സേവനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. രണ്ടാം തരംഗം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കിയതെന്നും കെജ് രിവാളിന് അയച്ച കത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Prayers should be allowed in places of worship; Justice Kurian Joseph writes letter to Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.