പ്രവാസി സംഗമം: അജണ്ട നിശ്ചയിക്കുന്നതില്‍ പ്രവാസികള്‍ക്ക് പങ്കുവേണം –ആസാദ് മൂപ്പന്‍

ബംഗളൂരു: പ്രവാസി ഭാരതീയ ദിവസ് സംഗമത്തിന്‍െറ ചര്‍ച്ചകളുടെ അജണ്ട നിശ്ചയിക്കുന്നതില്‍ പ്രവാസികള്‍ക്കും മാധ്യമങ്ങള്‍ക്കും മുഖ്യപങ്ക് വേണമെന്ന് ഡോ. ആസാദ് മൂപ്പന്‍. മുമ്പത്തെയപേക്ഷിച്ച് പ്രവാസി ദിവസ് സംഗമത്തിന്‍െറ ഘടന മാറ്റിയത് ഗുണപരമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രവാസി ഭാരതീയ ദിവസ് സംഗമത്തിനു മുമ്പ് വിവിധ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് ഓരോ വിഷയത്തിലും ക്രിയാത്മകമായ ചര്‍ച്ച നടക്കുന്നുണ്ട്.  ആ ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗവണ്‍മെന്‍റ് ശ്രമിക്കുന്നുമുണ്ട്. പ്രവാസി സംഗമം സംബന്ധിച്ച് ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാണുന്ന ഒരു പോരായ്മ, അജണ്ട നിശ്ചയിക്കുന്നത് ഡല്‍ഹിയിലിരുന്ന് മന്ത്രാലയത്തിലെ ചിലര്‍ ചേര്‍ന്നാണ് എന്നതാണ്. അവര്‍ക്ക്  പ്രവാസികളുടെ ജീവല്‍പ്രശ്നങ്ങളെപ്പറ്റി ധാരണയില്ല. തങ്ങളുടെ പ്രധാനപ്രശ്നങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രവാസി സംഘടനകളും കാര്യമായ ശ്രമം നടത്തണം. തങ്ങളുടെ പ്രശ്നങ്ങള്‍ നിവേദനമായും ഇ-മെയില്‍ സന്ദേശങ്ങളായും ബന്ധപ്പെട്ട മന്ത്രാലയത്തിനു മുമ്പാകെ എത്തിക്കുകയും അതിനുശേഷം പ്രധാന പ്രശ്നങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുകയും വേണം. എങ്കിലേ പ്രവാസി പ്രശ്നങ്ങള്‍ അടുത്ത പ്രവാസി ഭാരതീയ ദിവസിലെങ്കിലും ചര്‍ച്ചയാകൂവെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ നയത്തിലെ മാറ്റം പ്രവാസികള്‍ക്ക് ഗുണകരമാകും –യൂസുഫലി

 പ്രവാസി നിക്ഷേപ നയത്തിലുള്ള പരിഷ്കാരം നാട്ടില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഗുണകരമാകുമെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി. പ്രവാസി നിക്ഷേപങ്ങളെ ഇനി ആഭ്യന്തര നിക്ഷേപങ്ങളായി കാണുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചത്്. ഇതുവരെ പ്രവാസികള്‍ നാട്ടില്‍ ഭൂമിയിലോ നിര്‍മാണ രംഗത്തോ വ്യാപാര രംഗത്തോ നിക്ഷേപം നടത്തുമ്പോള്‍ നിരവധി കടമ്പകളുണ്ടായിരുന്നു. ഇനി ആ കടമ്പകള്‍ ഇല്ലാതാകും. ഇത്തരം നിക്ഷേപങ്ങള്‍ ആഭ്യന്തര നിക്ഷേപങ്ങളായി പരിഗണിക്കപ്പെടുമ്പോള്‍  കാര്‍ഷിക രംഗത്തോ റിയല്‍ എസ്റ്റേറ്റ് രംഗത്തോ ഒക്കെ ബുദ്ധിമുട്ടില്ലാതെ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ക്കാകും. പ്രവാസി ഭാരതീയ ദിവസ് സംഗമ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാതിഥിയായി എത്തുന്നത് യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗവണ്‍മെന്‍റ് തലത്തില്‍ പുരോഗമിക്കുന്നതായാണ് അറിയുന്നതെന്ന് യൂസുഫലിക്ക് ഒപ്പമുണ്ടായിരുന്ന ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു. പ്രവാസി വോട്ടവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചത് ഡോ. ഷംസീറാണ്. 

Tags:    
News Summary - pravasi bharatiya divas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.