പ്രഖ്യാപനങ്ങളൊന്നും നടത്താതെ ‘കൈയടി നേടി’ മോദി

ബംഗളൂരു: പ്രവാസി ഭാരതീയ ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് പല പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പ്രവാസി വോട്ടവകാശം, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വത്കരണത്തിന് ഇരയായി തിരിച്ചുവരുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍. അങ്ങനെ പലതും. ഏറ്റവും ചുരുങ്ങിയത് പ്രവാസി ഇന്ത്യക്കാരുടെ കൈയിലുള്ള അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കുറച്ചധികം സമയമെങ്കിലും. ആമുഖ പ്രസംഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. അടുത്ത ഡിസംബര്‍ 31വരെയെങ്കിലും സമയം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം. പക്ഷേ, ഒരു പ്രഖ്യാപനംപോലും പ്രധാനമന്ത്രി നടത്തിയില്ല. വാഗ്ദാനങ്ങളും നല്‍കിയില്ല. ഏറ്റവുമധികം പ്രവാസികളുള്ള ഗള്‍ഫിനെപ്പറ്റി കാര്യമായി പരാമര്‍ശിച്ചുപോലുമില്ല. സ്വദേശിവത്കരണം കാരണമായുള്ള തൊഴില്‍ നഷ്ടങ്ങളടക്കമുള്ള ജീവല്‍ പ്രശ്നങ്ങളിലേക്കും കടന്നില്ല. പകരം പ്രവാസി സമൂഹത്തില്‍ ന്യൂനപക്ഷമായ പി.ഐ.ഒ കാര്‍ഡ് കൈവശമുള്ളവര്‍ അത് ഒ.സി.ഐ കാര്‍ഡാക്കി മാറ്റുന്നതിന്‍െറ പ്രാധാന്യത്തെക്കുറിച്ചാണ് വാചാലനായത്.

എം.ബസികള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും യമനില്‍നിന്ന് നഴ്സുമാരെ നാട്ടിലത്തെിച്ചതിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചു.വിദേശത്ത് സ്ഥിര താമസമാക്കിയ ഇന്ത്യന്‍ യുവാക്കളെ കൈയിലെടുക്കാനും മറന്നില്ല. അവര്‍ക്കായുള്ള ഇന്ത്യ സന്ദര്‍ശന പരിപാടികള്‍, ഇന്ത്യ ക്വിസ് തുടങ്ങിയവയൊക്കെ ഏറെ സമയമെടുത്ത് വിശദീകരിച്ചു. പ്രവാസികള്‍ക്കായി പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ളെങ്കിലും മോദിക്ക് കൈയടിക്ക് കുറവൊന്നുമുണ്ടായില്ല.
കൈയടിക്കാന്‍തന്നെ എത്തിയ ഒരു വിഭാഗം സദസ്സിന്‍െറ വിവിധ ഭാഗങ്ങളിലായി നേരത്തേതന്നെ ഇരിപ്പുറപ്പിച്ചിരുന്നു. പ്രധാനമന്ത്രി കടന്നുവന്നപ്പോള്‍ ജയ് വിളികളും കൈയടികളും അരങ്ങുതകര്‍ത്തു. ഒപ്പം, താളത്തില്‍ ‘മോദി മോദി...’ വിളികളും. പ്രധാനമന്ത്രി പ്രസംഗിക്കാനെഴുന്നേറ്റപ്പോഴാകട്ടെ നിലക്കാത്ത കൈയടി. പിന്നീട് ഓരോ വാചകം പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും പ്രത്യേകം കൈയടികള്‍. പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ നീണ്ട കൈയടി വേറെ. ഇതുകൂടാതെ, പ്രധാനമന്ത്രി ഉദ്ഘാടന വേദി വിട്ടതിനുശേഷം പുറത്ത് കാമറക്ക് മുന്നില്‍ നിന്ന് ‘നമോ നമോ മോദി...’ വിളികള്‍ വേറെയുമുണ്ടായിരുന്നു. 

പൊലിമ കുറഞ്ഞ് മുഖ്യമന്ത്രിമാരുടെ സമ്മേളനം; കേരളത്തിന്‍െറ പ്രതിനിധിയായത്തെിയ വിദ്യാഭ്യാസ മന്ത്രിക്ക്  വേദിയില്‍ ഇടം ലഭിച്ചില്ല

 പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച മുഖ്യമന്ത്രിമാരുടെ സെഷന് പൊലിമ കുറഞ്ഞു. ആതിഥേയരായ കര്‍ണാടകയുടേതടക്കം അഞ്ച് മുഖ്യമന്ത്രിമാര്‍ മാത്രമാണ് എത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് എത്താന്‍ കഴിയാത്തതിനാല്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥിനെയാണ് പ്രതിനിധിയായി അയച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തിന് സ്റ്റേജില്‍ കയറാനായില്ളെന്ന് മാത്രമല്ല, പേര് പരാമര്‍ശിക്കപ്പെടുക പോലുമുണ്ടായില്ല. മുഖ്യമന്ത്രിമാര്‍ക്ക് മാത്രമായ സെഷനായതിനാല്‍ അവസരമുണ്ടാകില്ളെന്ന് മന്ത്രിയെ സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇതോടെ കേരളത്തിലെ സംരംഭക-ടൂറിസം സാധ്യതകള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് നഷ്ടമായത്. പിന്നീട് എക്സിബിഷനിലെ കേരള സ്റ്റാള്‍ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം മടങ്ങി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പുറമെ ദേവേന്ദ്ര ഫഡ്നാവിസ് (മഹാരാഷ്ട്ര), സര്‍ബാനന്ദ സോനോവാള്‍ (അസം), വി. നാരായണ സ്വാമി (പുതുച്ചേരി), രമണ്‍സിങ് (ഛത്തിസ്ഗഢ്) എന്നിവരാണ് സമ്മേളനത്തിനത്തെിയത്. ഇവരുടെ പ്രസംഗം കേള്‍ക്കാന്‍ സദസ്സില്‍ ഉണ്ടായിരുന്നത് വളരെ കുറച്ചുപേര്‍ മാത്രമായിരുന്നു. ഉദ്ഘാടനച്ചടങ്ങിനായി രാവിലെ തന്നെ സീറ്റുപിടിച്ചവര്‍ അത് കഴിഞ്ഞയുടന്‍ എഴുന്നേറ്റ് പോയി.

 

Tags:    
News Summary - pravasi bharatiya divas 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.