ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സരൈ കാലെ ഖാനിലെ രാത്രിതാമസ കേന്ദ്രം പൊളിക്കൽ തടയാൻ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ ഓടിയെത്തിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതി കേസ് പരിഗണിക്കുംമുമ്പേ ഡൽഹി വികസന അതോറിറ്റി താമസകേന്ദ്രം പൊളിച്ചുനീക്കി. ഇതോടെ പുനരധിവാസം പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് പ്രശാന്ത് ഭൂഷൺ കേസ് ആദ്യം ഉന്നയിച്ചത്. ഭവനരഹിതരുടെ കേസുകൾ പരിഗണിച്ചിരുന്ന ജസ്റ്റിസുമാരായ എസ്.ആർ. ഭട്ടിന്റെയും ദീപാങ്കർ ദത്തയുടെയും ബെഞ്ചിനുമുന്നിൽ നേരത്തേ ഉന്നയിച്ചിരുന്നതായും പറഞ്ഞു.ജസ്റ്റിസ് ഭട്ട് ഇല്ലെന്നും ജസ്റ്റിസ് ദത്തയുടെ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതോടെ ജസ്റ്റിസ് ഹൃതികേഷ് റോയ്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിലേക്ക് പ്രശാന്ത് ഭൂഷൺ ഓടിയെത്തി. മറ്റൊരു കേസിന്റെ വാദത്തിനിടെ ഇടപെട്ട് വിഷയം ഉന്നയിക്കാൻ ശ്രമിച്ചു.
ഈ കേസ് കഴിഞ്ഞാലുടൻ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വാദം പൂർത്തിയാക്കിയ ശേഷം കേസ് പരിഗണിച്ചു. അപ്പോഴേക്കും അധികൃതർ പൊളിക്കൽ പൂർത്തിയാക്കിയിരുന്നു. 10.30ന് നിശ്ചയിച്ചിരുന്ന പൊളിക്കൽ അധികൃതർ പത്തുമണിക്ക് തന്നെ നടത്തുകയായിരുന്നെന്ന് പ്രശാന്ത് ഭൂഷൺ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് ഫെബ്രുവരി 22ന് പരിഗണിക്കുന്ന ഭവനരഹിതരായവരുടെ കേസിനൊപ്പം സരൈ കാലെ ഖാനിലെ രാത്രിതാമസ കേന്ദ്രം വിഷയം പരിഗണിക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.