ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർ വോട്ടർമാരായി രജിസ്റ്റർ ചെയ്യുന്നതിൽ വലിയ ഉത്സാഹം കാണിച്ചുവെങ്കിലും ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ മോശം പങ്കാളിത്തം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ.
2014ൽ ഏകദേശം 1.2 ലക്ഷം പേർ വോട്ടർ പട്ടികയിൽ പേരുചേർത്തിരുന്നു. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ 2,958 പ്രവാസി വോട്ടർമാർ മാത്രമാണ് ഇന്ത്യയിലേക്ക് പറന്നതെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. ഇവരിൽ 2,670 പേരും കേരളത്തിൽ നിന്നുള്ളവരാണ്.
കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് തുടങ്ങിയ നിരവധി വലിയ സംസ്ഥാനങ്ങളിൽ വിദേശ വോട്ടർമാരുടെ എണ്ണം പൂജ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ 885 വിദേശ വോട്ടർമാരിൽ രണ്ട് പേർ മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. 5,097എൻ.ആർ.ഐ വോട്ടർമാരിൽ 17 പേർ മാത്രം വോട്ട് ചെയ്ത മഹാരാഷ്ട്രയിലും ഇതുതന്നെയായിരുന്നു കഥ. ആന്ധ്രാപ്രദേശിൽ രജിസ്റ്റർ ചെയ്ത 7,927ൽ 195 പേർ മാത്രമാണ് വോട്ട് ചെയ്യാൻ ഇറങ്ങിയത്. അസമിൽ 19 പേരിൽ ആരും വോട്ട് ചെയ്തില്ല. 89 പേർ രജിസ്റ്റർ ചെയ്ത ബിഹാറിലും 84 പേർ രജിസ്റ്റർ ചെയ്ത ഗോവയിലും ആരും വോട്ടവകാശം വിനിയോഗിച്ചില്ല.
തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം 1,19,374 പേർ വിദേശ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രജിസ്‌ട്രേഷൻ നടന്നത്. 89,839 പേർ.
2019ൽ 99,844 വിദേശ വോട്ടർമാരാണ് രജിസ്റ്റർ ചെയ്തത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം രജിസ്റ്റർ ചെയ്ത വിദേശ വോട്ടർമാരുടെ എണ്ണം 19,500ലധികം വർധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പുതിയ വോട്ടെടുപ്പുകളിൽ അവരുടെ പങ്കാളിത്തം മോശമായിരുന്നു.
എൻ.ആർ.ഐ വോട്ടർമാർ എന്നത് ഒരു പൊതു പദമാണെങ്കിലും, തെരഞ്ഞെടുപ്പ് കമീഷൻ അവരെ വിദേശ വോട്ടർമാർ എന്നാണ് വിശേഷിപ്പിക്കുന്നത്. വിവിധ കാരണങ്ങളാൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ലോക്‌സഭയിലും അസംബ്ലിയിലും മറ്റ് നേരിട്ടുള്ള തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ യോഗ്യരാണ്.
നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച്, രജിസ്റ്റർ ചെയ്ത എൻ.ആർ.ഐ വോട്ടർമാർ അതത് ലോക്സ-നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തണം. തിരിച്ചറിയൽ രേഖയായി അവർ തങ്ങളുടെ ഒറിജിനൽ പാസ്‌പോർട്ട് കാണിക്കണം.
യോഗ്യരായ വിദേശ ഇന്ത്യക്കാർക്ക് പ്രോക്‌സി വോട്ടിംഗ് അവകാശം അനുവദിക്കുന്നതിനുള്ള ബിൽ 2018 ഓഗസ്റ്റിൽ 16-ാം ലോക്‌സഭ പാസാക്കിയെങ്കിലും ബിൽ രാജ്യസഭയിൽ കൊണ്ടുവരാനായില്ല.
2020ൽ സർവിസ് വോട്ടർമാർക്ക് മാത്രം ലഭ്യമായിരുന്ന ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സൗകര്യം, യോഗ്യതയുള്ള വിദേശ ഇന്ത്യൻ വോട്ടർമാർക്കും വ്യാപിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. അതിന് തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തണം. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.
തപാൽ ബാലറ്റിലൂടെയുള്ള വോട്ടിങ് സുഗമമാക്കുന്നതിന് ഇന്ത്യൻ പ്രവാസികളിൽ നിന്ന് നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് കമീഷൻ സർക്കാറിനെ അറിയിച്ചിരുന്നു. യാത്രാച്ചെലവ്, വിദേശ ജോലിയിലെ നിർബന്ധിതാവസ്ഥ, വിദ്യാഭ്യാസം തുടങ്ങിയവയാണ് വ്യക്തിപരമായി വോട്ട് ചെയ്യാൻ സാധിക്കാത്തതിന്റെ കാരണങ്ങളായി വോട്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.