പൊള്ളാച്ചി പീഡനക്കേസ്; ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് തമിഴ്‌നാട് കോടതി

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി പീഡനക്കേസിൽ കാത്തിരുന്ന വിധി ഇന്ന് വന്നു. കോയമ്പത്തൂരിലെ മഹിള പ്രത്യേക കോടതി ഒമ്പത് പ്രതികളെയും കുറ്റക്കാരാണെന്ന് കണ്ടെത്തി. 2019ലാണ് പൊള്ളാച്ചിയിൽ ഒമ്പത് പ്രതികൾ ചേർന്ന് കോളേജ് വിദ്യാർഥിനിയെയും രണ്ട് സ്ത്രീകളെയും കൂട്ട ബലാത്സംഗം ചെയ്യുകയും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവിടുകയും ചെയ്ത സംഭവമുണ്ടായത്.

പ്രതികളായ തിരുനാവുക്കരശു, ശബരീശൻ, വസന്തകുമാർ, സതീഷ്, മണിവണ്ണൻ, ഹരൻപോൾ, ബാബു, അരുളനന്തം, അരുൺ കുമാർ എന്നിവർ ഒന്നിലധികം നിയമവകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് വിധിച്ചു. മഹിളാ കോടതി അധ്യക്ഷയായ ജസ്റ്റിസ് നന്ദിനി ദേവി ഇന്ന് ഉച്ചക്ക് ശിക്ഷ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2016നും 2019നും ഇടയിലാണ് പീഡനങ്ങൾ നടന്നത്. ഇരകളിൽ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍വരെ ഉണ്ടായിരുന്നു.തനിക്ക് സംഭവിച്ച ദുരനുഭവം തുറന്നു പറയാൻ 19 കാരിയായ പെൺകുട്ടി ധൈര്യം കാണിച്ചതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച പൊളളാച്ചി പീഡന കേസിലെ പ്രതികൾ പിടിയിലായത്. സംഭവത്തിൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളജ് വിദ്യാർഥികൾ ഉൾപ്പെടെ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. പൊള്ളാച്ചി ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ബി.ഐക്ക് വിടുകയായിരുന്നു. 2019 മേയിൽ കോയമ്പത്തൂർ വനിതാകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് വിചാരണ തുടങ്ങി. 2023 മുതൽ വനിതാകോടതി ജഡ്‌ജി നന്ദിനിദേവിയുടെ സാന്നിധ്യത്തിൽ സാക്ഷി വിസ്താരം തുടങ്ങിയിരുന്നു. 

Tags:    
News Summary - Pollachi rape case: Tamil Nadu court finds all nine accused guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.