ബംഗളൂരു: രാഷ്ട്രീയക്കാർ അഴിമതിക്കാരല്ലെന്നും ഇവിടുത്തെ ജനങ്ങളും വ്യവസ്ഥിതിയും അവരെ അഴിമതിക്കാരാക്കി മാറ്റുകയാണെന്നും കർണാടക നിയമ മന്ത്രി ജെ.സി മധുസ്വാമി. ഇന്നത്തെ കാലത്ത് അഴിമതി നടത്താതെ ജീവിക്കുക എന്നത് ആയാസകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ശ്രീഗിരിയിൽ ശിവകുമാര ശിവാചാര്യ സ്വാമിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമർശം.
'ഞാൻ രാഷ്ട്രീയക്കാരെ അഴിമതിക്കാരെന്ന് വിളിക്കില്ല, ജനങ്ങളാണ് അവരെ അങ്ങനെയാക്കിയത്. വോട്ടു ചെയ്യുന്നതിൽ തുടങ്ങി ഗണേശോത്സവം ആഷോഷിക്കുന്നതിനുവരെ വിവിധ ആവശ്യങ്ങൾക്കായി പണംവാങ്ങി രാഷ്ട്രീയക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. പിന്നെയെങ്ങനെ രാഷ്ട്രീയക്കാർ അഴിമതിക്കാരാവാതിരിക്കും. വ്യവസ്ഥിതിയാണ് തങ്ങളെ നശിപ്പിക്കുന്നത്. നിലനിൽക്കുന്ന വ്യവസ്ഥിതി ശരിയാണങ്കിൽ ഞങ്ങൾ അഴിമതിക്കാരാവില്ല. അഴിമതി നടത്താതെ ജീവിക്കുന്നത് എളുപ്പുള്ള കാര്യമല്ല. '- മധുസ്വാമി പറഞ്ഞു.
എല്ലാ രാഷ്ട്രീയക്കാരുടെ കൈയിലും അവർക്കാവശ്യമുള്ള പണമുണ്ട്. എന്നാൽ ആവശ്യങ്ങൾ ഉയരുന്നതിനനുസരിച്ച് കൂടുതൽ പണം എവിടെ നിന്ന് കിട്ടും എന്ന ചിന്തയുണ്ടാവുന്നു. ഈ ചിന്തയാണ് അഴിമതിക്ക് തുടക്കമിടുന്നത്. ചിലപ്പോൾ സമ്മർദങ്ങളും അഴിമതിക്ക് കാരണമാവാറുണ്ടെന്നും നിയമ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.