രാഷ്ട്രീയ പാർട്ടി ഫണ്ട്: ബി.ജെ.പിക്ക് ലഭിച്ചത് മറ്റ് ദേശീയ പാർട്ടികളേക്കാൾ പത്തിരട്ടിയിലേറെയെന്ന് എ.ഡി.ആർ റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ വൻ വർധനവ് രേഖപ്പെടുത്തിയപ്പോൾ ലഭിച്ച തുകയിൽ ബി.ജെ.പി ബഹുദൂരം മുന്നിലെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശകലനത്തിലാണ് ബി.ജെ.പി ഇതര ദേശീയ പാർട്ടികളേക്കാൾ പത്തിരട്ടി അധികം ഫണ്ട് സമാഹരിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടികൾ സമർപ്പിച്ച കണക്കുകൾ പ്രകാരം 2024-25 കാലയളവിൽ ബി.ജെ.പിക്ക് 5,522 സംഭാവനകളിലായി 6,074.015 കോടി രൂപ ലഭിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2,243.947 കോടി രൂപയിൽ നിന്ന് 171 ശതമാനത്തിന്റെ വലിയ വർധനവാണിത്. തൊട്ടുപിന്നിലുള്ള കോൺഗ്രസിന് ഇതേ കാലയളവിൽ 2,501 സംഭാവനകളിലൂടെ ലഭിച്ചത് 517.394 കോടി രൂപ മാത്രമാണ്. ആം ആദ്മി പാർട്ടി (38.106 കോടി), സി.പി.എം (16.957 കോടി), നാഷണൽ പീപ്പിൾസ് പാർട്ടി (2.091 കോടി) എന്നിവയാണ് മറ്റ് പ്രധാന ദേശീയ പാർട്ടികൾ. ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) 20,000 രൂപയ്ക്ക് മുകളിൽ ഒരു സംഭാവനയും ലഭിച്ചിട്ടില്ലെന്ന് ഇത്തവണയും വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ പാർട്ടികൾക്ക് ലഭിച്ച ആകെ തുകയായ 6,648.563 കോടി രൂപയിൽ 92.18 ശതമാനവും 6,128.787 കോടി രൂപ കോർപ്പറേറ്റ് മേഖലയിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. 7,900 വ്യക്തിഗത സംഭാവനകളിലൂടെ ലഭിച്ചത് 505.66 കോടി രൂപയാണ്. സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഡൽഹിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിക്കപ്പെട്ടത് (2,639.481 കോടി രൂപ). മഹാരാഷ്ട്രയിൽ നിന്ന് 2,438.86 കോടി രൂപയും ഗുജറാത്തിൽ നിന്ന് 309.177 കോടി രൂപയും ലഭിച്ചു. ഇലക്ടറൽ ട്രസ്റ്റുകളുടെ പങ്കും ഈ സാമ്പത്തിക വർഷത്തെ രാഷ്ട്രീയ ധനസമാഹരണത്തിൽ നിർണായകമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags:    
News Summary - Political party funds: BJP received more than ten times more than other national parties, says ADR report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.