കള്ളപ്പണം: കടലാസ് പാര്‍ട്ടികള്‍ കുടുങ്ങും

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാനായി മാത്രം രജിസ്റ്റര്‍ ചെയ്തതെന്ന് സംശയിക്കുന്ന 200 കടലാസ് പാര്‍ട്ടികളുടെ കാര്യത്തില്‍ അന്വേഷണം വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനെ അറിയിക്കും. ഇത്തരം പാര്‍ട്ടികളുടെ പട്ടിക തയാറാക്കിയെന്നും 2005 മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത, കടലാസില്‍ മാത്രമുള്ള പാര്‍ട്ടികളാണ് ഇവയെന്നും കമീഷന്‍ വ്യക്തമാക്കി. ഇത്തരം പാര്‍ട്ടികള്‍ക്കു പിന്നിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ അന്വേഷിക്കാനാണ് പട്ടിക പ്രത്യക്ഷ നികുതി ബോര്‍ഡിന് അയക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളെന്നനിലയില്‍ ആദായ നികുതിയില്‍നിന്ന് ഇവരും ഒഴിവായിരുന്നുവെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഈ പാര്‍ട്ടികളെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുന്നതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന പ്രവണത ഇല്ലാതാകുമെന്നാണ് കമീഷന്‍െറ പ്രതീക്ഷ. ‘‘ഇതൊരു തുടക്കം മാത്രമാണ്. ഗൗരവതരമല്ലാത്ത മുഴുവന്‍ പാര്‍ട്ടികളുടെയും അംഗീകാരം എടുത്തുകളയാനാണ് കമീഷന്‍ ആലോചിക്കുന്നത്. ആദായ നികുതി റിട്ടേണ്‍പോലും സമര്‍പ്പിക്കാത്തവയാണ് ഇവയില്‍ പലതും.  റിട്ടേണ്‍ സമര്‍പ്പിച്ചവര്‍തന്നെ അതിന്‍െറ കോപ്പി അയച്ചിട്ടില്ല’’ -കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

കമീഷന് പാര്‍ട്ടിയെ രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുണ്ടെിലും അത് റദ്ദാക്കാനുള്ള വകുപ്പില്ല. ഇതിനുള്ള അധികാരം നല്‍കണമെന്ന് പലതവണ കമീഷന്‍ സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കമീഷന് അധികാരം നല്‍കുന്ന ഭരണഘടനയുടെ 324ാം അനുച്ഛേദമുപയോഗിച്ച് 200 കടലാസ് പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനാണ് കമീഷന്‍ ആലോചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ് സുതാര്യമാക്കാന്‍ കാലങ്ങളായി കമീഷന്‍ ആവശ്യപ്പെട്ടുവരാറുള്ളതാണ്. ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തണമെന്നാണ് കമീഷന്‍െറ പക്ഷം.

രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷംതോറും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാറുണ്ട്. മിക്ക പാര്‍ട്ടികളും കിട്ടിയതില്‍ കൂടുതല്‍ തുകയും അജ്ഞാതര്‍ നല്‍കിയ 20,000ത്തില്‍ താഴെയാണ് എന്നാണ് അവകാശപ്പെടാറ്. ഇതുകൊണ്ടാണ് അജ്ഞാതര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയിലധികം സംഭാവന നല്‍കുന്നത് നിരോധിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടത്. അജ്ഞാതരായവരുടെ 2000 രൂപയും അതിന് മുകളിലുമുള്ള മുഴുവന്‍ സംഭാവനയും നിരോധിക്കണമെന്നും അതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നുമാണ് കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച ശിപാര്‍ശ. അജ്ഞാതര്‍ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് തടയാന്‍ ഭരണഘടനാപരമായ വ്യവസ്ഥയില്ല. നേര്‍ക്കുനേരെയല്ലാത്ത നിരോധനമാണ് 20,000 രൂപക്കു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ക്കുമുള്ളത്.

 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29(സി) വകുപ്പ് പ്രകാരം 20,000 രൂപക്ക് മുകളിലുള്ള അജ്ഞാതരുടെ സംഭാവനകള്‍ക്കൊപ്പം സത്യവാങ്മൂലംകൂടി വേണമെന്നു മാത്രം.തെരഞ്ഞെടുപ്പ് കമീഷന്‍െറ ശിപാര്‍ശ പരിഗണിക്കുമെന്ന് കേന്ദ്ര നിയമ നീതിന്യായ സഹമന്ത്രി പി.പി. ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - political parties india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.